കോഴിക്കോട് : സിറ്റി പോലീസ് പരിധിയില്‍ തിങ്കളാഴ്ച 10 വയസ്സിനു താഴെയുള്ള കുട്ടികളുമായി നഗരത്തിലെത്തിയ 15 രക്ഷിതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു.
മാസ്‌ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളും ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 763 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പരിധിയില്‍ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകള്‍ അടപ്പിച്ചു.
ഇതിനിടെ മിഠായിത്തെരുവില്‍ തെരുവുകച്ചവടം ചെയ്യാനെത്തിയവരെ പോലീസ് തടഞ്ഞു. മണിക്കൂറുകള്‍നീണ്ട തര്‍ക്കത്തിനൊടുവില്‍ കോര്‍പ്പറേഷന്‍ വെന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ഒരേസമയം 36 തെരുവുവ്യാപാരികള്‍ക്ക് കച്ചവടം ചെയ്യാന്‍ അനുമതി നല്‍കി. തിങ്കളാഴ്ച രാവിലെയാണ് സൗത്ത് അസി. കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരുവുകച്ചവടം തടഞ്ഞത്. വ്യാപാരസ്ഥാപനങ്ങള്‍ക്കുമാത്രമേ അനുമതിയുള്ളൂവെന്നും സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോകണമെന്നും തെരുവുകച്ചവടക്കാരോട് പോലീസ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ എടുത്തുമാറ്റുമെന്ന് പോലീസ് പറഞ്ഞതോടെ കച്ചവടക്കാര്‍ എതിര്‍ത്തു. ഇത് അല്പം വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന്, കിഡ്സണ്‍ കോര്‍ണറിനുസമീപം വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തെരുവുകച്ചവടക്കാര്‍ പ്രതിഷേധിച്ചു.
തെരുവുകച്ചവടത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ മിഠായിത്തെരുവില്‍ ഒരു കച്ചവടവും അനുവദിക്കില്ലെന്നും യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജുമായി ചര്‍ച്ചനടത്തിയെങ്കിലും അനുമതി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹവും പറഞ്ഞു. തുടര്‍ന്നാണ് യൂണിയന്‍ നേതാക്കള്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദിനെ ബന്ധപ്പെട്ട് അടിയന്തരമായി വെന്‍ഡിങ് കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ കച്ചവടത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വെന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം വന്നശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനുപിന്നാലെത്തന്നെ തെരുവുകച്ചവടവും പുനരാരംഭിച്ചു.
ലൈസന്‍സുള്ള 102 തെരുവുകച്ചവടക്കാരാണ് മിഠായിത്തെരുവിലുള്ളത്. കോര്‍പ്പറേഷന്‍ നേരത്തേ അനുവദിച്ച 36 സ്‌പോട്ടുകളില്‍ രണ്ടുദിവസം തുടര്‍ച്ചയായി കച്ചവടം ചെയ്യാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ എല്ലാവര്‍ക്കും ഒരേസമയത്ത് പറ്റില്ല. അതുകൊണ്ട് കച്ചവടക്കാര്‍ തമ്മില്‍ ധാരണയുണ്ടാക്കണമെന്നാണ് വെന്‍ഡിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചത്. ഇവര്‍ക്കുള്ള ഫെയ്സ് ഷീല്‍ഡും ഗ്ലൗസുകളും കോര്‍പ്പറേഷന്‍ നല്‍കും.
പ്രതിഷേധസമരം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ സി.പി. സുലൈമാന്‍, തെരുവുകച്ചവട തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ടൗണ്‍ പ്രസിഡന്റ് ഫൈസല്‍ പള്ളിക്കണ്ടി, വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്.) ജില്ലാപ്രസിഡന്റ് മനേഷ് കുളങ്ങര, തെരുവുകച്ചവട യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രസിഡന്റ് പി.പി. മാമുക്കോയ, എം. മുഹമ്മദ് ബഷീര്‍ (എ.ഐ.ടി.യു.സി.) എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment