തിരുവനന്തപുരം: ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി ഫലം നാളെ ( ബുധനാഴ്ച) മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളിൽ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കി. പ്രാക്ടിക്കൽ പരീക്ഷയുടെ മൂല്യനിർണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പർ വർക്കുകൾക്കും വേണ്ട സമയം മാത്രമാണ് എടുത്തത്.
ജൂൺ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പർ മൂല്യനിർണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പർ മൂല്യനിർണയം ജൂൺ 19 ഓടെ അവസാനിച്ചു.
നേർരേഖ വാർത്താ കൂട്ടായ്മ
മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളമായി പ്രാക്ടിക്കൽ പരീക്ഷകൾ നീണ്ടു. പല സ്കൂളുകളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയിരുന്നു. അതിനാൽ അവിടുത്തെ പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കൽ പരീക്ഷ വേറെ സ്കൂളുകളിൽ വച്ചാണ് നടത്തിയത്. അതും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മാത്രമേ പരീക്ഷ നടത്താൻ സാധിച്ചിരുന്നുള്ളൂ.
Post a Comment