എൽഡിഎഫിലെ ഘടകകക്ഷിയായ ഐ.എൻ.എൽ. (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. പാർട്ടി ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുൾ വഹാബ് അറിയിച്ചു. അതേസമയം അബ്ദുൾ വഹാബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേർന്ന ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികൾ പ്രഖ്യാപിച്ചത്.
കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെയാണ് അബ്ദുൾ വഹാബ് വിഭാഗം പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുൾ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസീം ഇരിക്കൂർ അവകാശപ്പെട്ടു.
നിലവിലെ വർക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാർട്ടിൽനിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂർ വ്യക്തമാക്കി.
മുസ്ലീം ലീഗാണ് ഐഎൻഎല്ലിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.
അബ്ദുൾ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിലുമാണ് യോഗം ചേർന്നത്. കൊച്ചിയിൽ ഞായറാഴ്ച രാവിലെ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ ഇരുവിഭാഗം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകം യോഗം ചേർന്നത്.
Post a Comment