ഉച്ചക്ക് ശേഷം ഗവർണർക്ക് രാജി സമർപ്പിക്കും
ബെംഗളുരു :കർണാടകയിലെ ബിജെപിയുടെ ഏറ്റവും പ്രബലമുഖമായ ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഇനി ആരാകും കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.
സർക്കാരിന്‍റെ രണ്ട് വർഷത്തെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവിൽ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജി പ്രഖ്യാപനം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. പാർട്ടിക്കുള്ളിലുള്ള അധികാരവടംവലികൾക്കും പരസ്യപ്രതിഷേധങ്ങൾക്കുമൊടുവിൽ ഇത് നാലാം തവണയാണ് അധികാരകാലാവധി പൂർത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാൻ സൗധയുടെ പടിയിറങ്ങുന്നത്.
തൊണ്ടയിടറിയാണ് യെദിയൂരപ്പ സംസാരിച്ചത്. ''ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്‍റേത്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയാണ് തനിക്ക് വലുത്. വാജ്പേയി മുതൽ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീർവാദം ലഭിച്ച നേതാവാണ് താൻ. പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല'', എന്ന് യെദിയൂരപ്പ.
Post a Comment