എപിഎല്‍ വിഭാഗക്കാര്‍ക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തിയ തീരുമാനം പിന്‍വലിക്കണം-വിഡി സതീശന്‍.


തിരുവനനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡാനന്തര സൗജന്യ ചികിത്സ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.




യാഥാര്‍ഥ്യബോധമുള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണിത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകര്‍ത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവുമായ മേഖലകള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീര്‍ ദിവസവും കാണുന്ന ഭരണാധികാരികള്‍ക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നുവെന്നത് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ.പി.എല്ലും, ബി.പി.എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങള്‍ ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകില്‍ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്. എത്രയും വേഗം ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris