മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതി മൂന്നു വയസ്സുകാരി നീന്തി ഉദ്ഘാടനം ചെയ്തു


മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ 'നീന്തി വാ മക്കളേ' പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു




216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടി. പരിപാടിയുടെ രണ്ടാം ഘട്ടമായി നീന്തലറിയാത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകും. ഇതിനായി ക്ലബ്ബുകളുടെയും സംഘടനകളുടെയും സിമ്മിംഗ് പൂളുകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ഇരുവഞ്ഞിപ്പുഴ യുടെ കുത്തൊഴുക്ക് നീന്തിക്കടന്ന് വാർത്തകളിലൂടെ ശ്രദ്ധേയയായ റെന ഫാത്തിമ നിര്‍വഹിച്ചു.

ചെറു പ്രായത്തിലേ നീന്തൽ പഠിച്ചെടുക്കുന്നതിന് പ്രചോദനമായ റനാ ഫാത്തിമ "നീന്തി വാ" പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്‌.മാധ്യമപ്രവര്‍ത്തകന്‍ റഫീഖ് തോട്ടുമുക്കത്തിന്‍റെ മകളാണ് ഈ മൂന്നര വയസ്സുകാരി.ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ ഡോ. രാജഗോപാൽ മുഖ്യാതിഥിയായി.
കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭ കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതെന്നും മറ്റു തദ്ദേശസ്ഥാപനങ്ങളും മുക്കത്തെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ചടങ്ങിൽ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം കെ ഹരീഷ് പദ്ധതി അവതരണം നടത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ് ഷാജഹാൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. നീലേശ്വരം ഹൈസ്കൂളിന് വേണ്ടി ടോമി ചെറിയാൻ ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.വി ചാന്ദിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റുബീന കെ കെ, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന ,നികുഞ്ചം വിശ്വൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ സ്വാഗതവും മധു മാസ്റ്റർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris