അടിമാലി: യുവാവിന് നേരെ കാമുകിയുടെ ആസിഡാക്രമണം. തിരുവന്തപുരം സ്വദേശിയായ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തിൽ അടിമാലി സ്വദേശിയായ ഷീബയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടിമാലി ഇരുമ്പുപാലത്തെ ഒരു പള്ളിയ്ക്ക് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
പിന്തിരിഞ്ഞു നിൽക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
യുവാവും ഷീബയും തമ്മിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. പിന്നീട് ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടും വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഷീബ നിരന്തരം യുവാവിനെ സമീപിച്ചിരുന്നു.
പിന്നീട് രണ്ടുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി യുവാവിനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെയിലാണ് ആസിഡാക്രമണം. യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ഷീബയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യിൽ വീണ് ഇവർക്കും പരിക്കേറ്റിട്ടുണ്ട്. റബർ ഉറയൊഴിക്കുമ്പോൾ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Post a Comment