കോഴിക്കോട് ജില്ലയിലെ പ്രധാന റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണം : മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

കോഴിക്കോട് ജില്ലയിലെ പ്രധാന റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവ പൂര്‍ത്തിയായാല്‍ തന്നെ ജില്ലയുടെ ചിത്രം മാറും. ജനങ്ങള്‍ പരാതി പറയാന്‍ കാത്തുനില്‍ക്കാതെ തന്നെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. റോഡുകള്‍ ഇടയ്ക്ക് പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.




ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ വളരെ ശ്രദ്ധയോടുകൂടി ഓരോ പ്രൊജക്ടുകളും വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ജില്ലയിലെ മേജര്‍ പ്രൊജക്ടുകളും മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എ മാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ട സഹായങ്ങള്‍ ലഭ്യമാകാൻ അവരെ യഥാസമയം വിവരം അറിയിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പല പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്. അതില്‍ ഉദ്യോഗസ്ഥര്‍ വലിയ പങ്കാണ് വഹിക്കുന്നത്. പ്രൊജക്ടുകള്‍ക്ക് ടൈംലൈന്‍ നിര്‍ബന്ധമാണ്.



പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങള്‍ കൈയേറുന്നതിനെതിരെ കര്‍ശന നിലപാട് എടുക്കും. പി.ഡബ്ലു.ഡിയുടെ അനുവാദമില്ലാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും. ജില്ലയില്‍ പൊതുമരാമത്ത് പ്രവൃത്തികളില്‍ മികച്ച മാറ്റങ്ങള്‍ വരുത്തും. പി.ഡബ്ലു.ഡി റസ്റ്റ് ഹൗസുകളില്‍ കലക്ടറുടെ പരിശോധനയുണ്ടാകും. ഇ- ഓഫീസ് സംവിധാനം ഫലപ്രദമാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. എല്ലാ മാസവും യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തുകയും തടസങ്ങള്‍ നീക്കി പദ്ധതി വേഗത്തില്‍ നടപ്പിലാക്കുകയുമാണ് ഈ കമ്മിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

യോഗത്തില്‍ ജില്ലയിലെ പ്രധാന പ്രവൃത്തികളുടെ അവലോകനം നടത്തി. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയും വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുമുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭൂമി ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസത്തോടെ കോഴിക്കോട് - ബാലുശ്ശേരി റോഡ് നിർമാണത്തിൻ്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുമെന്ന് റോഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കോഡിനേഷന്‍ കേരള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും ഡി.പി.ആര്‍ തയ്യാറാക്കുന്നതും മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കെ.സി ആര്‍.ഐ.പി കോഡിനേറ്ററും ഡിസൈന്‍ വിംഗും എല്‍.എ ഡെപ്യൂട്ടി കലക്ടറും ഉറപ്പു നല്‍കി. വട്ടക്കിണര്‍ -രാമനാട്ടുകര റോഡ്, മീഞ്ചന്ത ഫ്‌ളൈ ഓവര്‍, പന്നിയങ്കര പന്തീരങ്കാവ് റോഡ്, പേരാമ്പ്ര ബൈപ്പാസ് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

കെ.ആര്‍.എഫ്.ബി പ്രവൃത്തിയായ പുതിയങ്ങാടി - ഉള്ള്യേരി - കുറ്റ്യാടി - ചൊവ്വ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതിന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് അന്തിമ തീരുമാനം കൈക്കൊള്ളാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കെ.ആര്‍.എഫ്.ബി പ്രവൃത്തികളായ പുളിമുട്ട്-വട്ടക്കിണര്‍ റോഡ്, ബേപ്പൂര്‍ ചെറുവണ്ണൂര്‍ റോഡ്, ഫറോക്ക് ആര്‍.ഒ.ബി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് എല്‍.എ ഡെപ്യൂട്ടി കലക്ടറോട് നിര്‍ദ്ദേശിച്ചു.

മലയോര ഹൈവേയുടെ തൊട്ടില്‍പാലം തലയാട് റീച്ചിലെ ഫോറസ്റ്റ് ഭൂമി വിട്ടുകിട്ടുന്നതിനായി ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥരും കെ.അര്‍.എഫ്.ബി ഉദ്യോഗസ്ഥരും അടിയന്തരമായി യോഗം ചേര്‍ന്ന് സംയുക്തമായി തീരുമാനം കൈക്കൊണ്ട് പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് യോഗം നിര്‍ദ്ദേശം നല്‍കി. യോഗം ബന്ധപ്പെട്ട എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഈ മാസം തന്നെ നടത്തുന്നതിനും നിര്‍ദ്ദേശിച്ചു.
പൊതുമരാമത്ത് വകുപ്പിലെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കോഡിനേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തുന്നതിന് എല്ലാ മാസത്തിലും കൃത്യമായി യോഗം ചേരണമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എ മാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, എം.കെ മുനീര്‍, കാനത്തില്‍ ജമീല, കെ.കെ രമ, ലിന്റോ ജോസഫ്, പി.ടി.എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഓഫീസര്‍ എസ്.സാംബശിവ റാവു, ഡി.ഡി.സി അനുപം മിശ്ര, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.അന്‍വര്‍ സാദത്ത്, ഹിമ കെ, പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris