മതം മാറിനിന്നു; തിരുവമ്പാടിയുടെ പ്രളയനായകന് പ്രണയസാഫല്യം; ലിന്റോ ജോസഫ് എം.എല്‍.എ വിവാഹിതനായി


കോഴിക്കോട്: മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ പ്രണയത്തെ ചേര്‍ത്ത് പിടിച്ച് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ.അനുഷയും വിവാഹിതരായി. എസ്.എഫ്.ഐ കാലം  മുതലുള്ള പരിചയവും പ്രണയവും ഒടുവില്‍ വിവാഹത്തിലേക്കെത്തുമ്പോള്‍ തിരുവമ്പാടിയുടെ 'പ്രളയ' നായകന്‍ ഒരിക്കല്‍ കൂടി സമൂഹത്തിന് മാതൃകയാവുകയാണ്.




ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ മുന്നോട്ടുള്ള വഴികളില്‍ കൂടെ കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷിച്ചത്. കോവിഡ്  നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു വിവാഹം.

പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക്  പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുകയും  ചെയ്തു.

തിരുവമ്പാടി എം.എല്‍.എയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ. മുക്കം കാര്‍ത്തിക കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന സുഹൃത് സത്കാരത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കള്‍  പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris