കട്ടാങ്ങൽ :കളൻതോട് -കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചാത്തമംഗലം പഞ്ചായത്ത് യു. ഡി. എഫ് നേതാക്കളും ജനപ്രതിനിധികളും പി.ഡബ്ലിയു. ഡി എഞ്ചിനിയറേയും കെ. ആർ. എഫ്. ബി. പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറേയും കണ്ടു നിവേദനം നൽകി.
മൂന്നര വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച റോഡ് ഇന്ന് കുണ്ടും കുഴിയും വലിയ തിട്ടകളും ഗർത്തങ്ങളുമായി ചെളി നിറഞ്ഞു നിൽക്കുകയാണെന്നും ഇരുചക്ര വാഹനങ്ങൾ നിത്യേന അപകടങ്ങളിൽപ്പെടുകയാണെന്നും ജനങ്ങൾ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്നും മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള നിവേദകസംഘം പറഞ്ഞു.അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും സംഘം ആവശ്യപ്പെട്ടു.
റോഡ് പ്രവൃത്തി കിഫ്‌ബിയുടെ നിയന്ത്രണത്തിലാണ്. 10 മീറ്റർ വീതിയാണ് റോഡിനു വേണ്ടത്.വളരെ കുറഞ്ഞ ഭാഗത്തു റോഡിനു 10 മീറ്ററിൽ കുറവുണ്ടെന്നും അതു പരിഹരിക്കുന്നതിനു വേണ്ട നടപടികൾ തുടർന്ന് വരികയാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയർ അനിത കുമാരി പറഞ്ഞു. സ്ഥലം ലഭ്യമാകുന്ന പക്ഷം രണ്ടു മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കുമെന്നും ഇ. ഇ. ഉറപ്പു നൽകി.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബൈജുവും ചർച്ചയിൽ പങ്കെടുത്തു.
നാട്ടുകാരെയും ജനപ്രതിനിധികളെയും സഹകരിപ്പിച്ചു മുന്നോട്ടു പോകുന്നതിന് പകരം തികച്ചും ഏകപക്ഷീയമായ നിലപാടുമായി എം. എൽ. എ യും, പഞ്ചായത്ത് പ്രസിഡണ്ടും മുന്നോട്ടു പോയതാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങാനിടയായതെന്നും നിവേദക സംഘം പരാതിപ്പെട്ടു. പഞ്ചായത്ത് യു. ഡി. എഫ്. നേതാക്കളായ കെ. എ. ഖാദർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,എൻ. പി. ഹംസ മാസ്റ്റർ, ടി. കെ. സുധാകരൻ, അഹമ്മദ് കുട്ടി അരയൻകോട്, എൻ. എം ഹുസൈൻ, ടി. കെ. വേലായുധൻ, എൻ. പി. ഹമീദ് മാസ്റ്റർ, ചോയി ഏരിമല,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. നദീറ,മെമ്പർ സുഹറ വെള്ളങ്ങോട്ട്,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. കെ. ഹഖീo മാസ്റ്റർ, ശിവദാസൻ ബംഗ്ലാവിൽ, റഫീഖ് കൂളിമാട്, ഇ. പി. വത്സല,വിശ്വൻ വെള്ളളശ്ശേരി, മൊയ്തു പീടികക്കണ്ടി എന്നിവർ നിവേദക സംഘത്തിൽ ചർച്ചയിൽ പങ്കെടുത്തു.
Post a Comment