മാവൂരിൽ സ്ഥാപിക്കുന്ന ഫയർസ്റ്റേഷന്റെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ഫയർഫോഴ്സ് സംഘം സന്ദർശനം നടത്തി


മാവൂർ: മാവൂരിൽ സ്ഥാപിക്കുന്ന ഫയർസ്റ്റേഷന്റെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. മാവൂർ ഹെൽത്ത് സെൻ്ററിനരികിലെ ഫയർസ്റ്റേഷനുവേണ്ടി തയ്യാറാക്കിയ താൽക്കാലിക കെട്ടിടമാണ് ഉദ്യോഗസ്ഥർ സന്ദർശിച്ചത്.



 
അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഫയർ സ്റ്റേഷന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ തുക ഉപയോഗിച്ച്
ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് 
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനാണ് ഉദ്യോഗസ്ഥരെത്തിയത്. റീജിയണൽ ഫയർ ഓഫീസറുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ സംഘം കാര്യങ്ങൾ വിലയിരുത്തി.

നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ നാലോളം വലുതും ചെറുതുമായ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഗാരേജും ടോയ്‌ലറ്റ്, കിച്ചൺ, ഓഫീസ് പോലുള്ള സംവിധാനങ്ങൾ കൂടി ഒരുക്കുന്നതിനാവശ്യമായ നടപടിയെടുക്കാൻ മാവൂർ അസിസ്റ്റൻ്റ് എഞ്ചിനിയർ സുരഭിയോട് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടെ ഫയർ സ്റ്റേഷൻ ആരംഭിക്കാനാകുമെന്ന്  വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി ബാബുരാജ്  പറഞ്ഞു.




സ്റ്റേഷൻ ഓഫീസർക്ക് പുറമെ റസ്ക്യു ഓഫീസർ നിഖിൽ, ഷൈലേഷ്, നാരായണൻ, നന്ദകുമാർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അപ്പുകുഞ്ഞൻ, അസിസ്റ്റൻ്റ് എഞ്ചിനിയർ സുരഭി, ഓവർസിയർമാരായ സജ്ന, സാൻസി, എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris