വീട്ടിലെ അജ്ഞാത മുഴക്കം; വാസ യോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്, പുനരധിവസിപ്പിക്കാന്‍ കളക്ടര്‍ കത്തയച്ചു


കോഴിക്കോട്: പോലൂരിലെ വീട്ടില്‍ നിന്ന് അഞ്ജാത ശബ്ദം  ഉണ്ടായ സംഭവത്തില്‍ വീട് വാസ യോഗ്യമല്ലെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. സോയില്‍ പൈപ്പിംഗ് ആണെന്ന വിലയിരുത്തലായിരുന്നു ആദ്യം വന്നതെങ്കിലും ഇത് സോയില്‍ പൈപ്പ് അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമിക്കടയില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടാവുന്നതിനാല്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മണ്ണ് താഴ്ന്ന് പോവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെ പുനരധിവസിപ്പിക്കാനുളള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് കത്തയച്ചു.




രണ്ട് മാസം മുമ്പായിരുന്നു റെയില്‍വേ സ്റ്റേഷനിലെ  പുസ്തക കടയില്‍ ജോലി ചെയ്യുന്ന പോലൂരിലെ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടില്‍ നിന്ന് അജ്ഞാത ശബ്ദം കേട്ട് തുടങ്ങിയത്. തുടര്‍ന്ന്  ഇവര്‍ വീട് ഒഴിയുകയും വാടക വീട്ടിലേക്ക് താമസം മാറുകയുമായിരുന്നു. മുതിര്‍ന്ന ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറും, കേന്ദ്ര ഭൗമഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘവും വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. സോയില്‍ പൈപ്പിംഗ് അല്ലെങ്കിലും മഴയില്ലാത്ത സമയത്ത് ഇനിയും പഠനം നടത്തേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

അഞ്ചുവര്‍ഷം  മുന്നെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പറമ്പില്‍ ബസാറിലെ പോലൂരിലെ ബിജു ആറ്റു നോറ്റൊരു വീടുണ്ടാക്കിയത്. ബിജുവിന്റെ വീട്ടിലേക്ക് അജ്ഞാത ശബ്ദം  എത്തിയതോടെ ബിജു മാത്രമല്ല നാട്ടുകാരും ഭീതിയിലാണ്. ഓരോ ദിവസം കഴിയുന്തോറും വീടിനുള്ളില്‍ ഉണ്ടാവുന്ന വിള്ളലുകളും  വര്‍ധിക്കുന്നുണ്ട്. അടുത്ത വീട്ടുകാരുടെ ചുമരുകളിലും വിള്ളല്‍ വന്നിട്ടുണ്ട്. അടുത്തിടെയാണ് മുകളിലേക്ക് ബിജു ഒരു നില കൂടി പണിതത്. ഇതിനുശേഷമാണ് ശബ്ദം കേട്ട് തുടങ്ങിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുകളിലത്തെ പറമ്പില്‍ മണ്ണെടുക്കലിന്റെ പണി നടന്നിരുന്നു. ശബ്ദം ഇതിനെ തുടര്‍ന്നാണോ എന്ന് സംശയിച്ചിരുന്നെങ്കിലും ബിജുവിന്റെ വീട്ടില്‍ മാത്രം എങ്ങനെ ശബ്ദം  കേള്‍ക്കുന്നുവെന്നാണ് ആര്‍ക്കും മനസ്സിലാവാത്തത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനും ഭാര്യയും അമ്മയുമാണ് ബിജുവിനൊപ്പം താമസിക്കുന്നത്. വീടിന്റെ പ്രശ്‌നം മൂലം കൃത്യമായി കടയില്‍ പോവാന്‍ കഴിയാത്തത് കൊണ്ടും കോവിഡ് കാലം ആയതുകൊണ്ടും സാമ്പത്തികമായി വലിയ പ്രശ്‌നത്തിലാണ് ബിജുവിപ്പോഴുള്ളത്. ഇതിനിടെ വാടകയും മകന്റെ പഠനവും ബാങ്ക് ലോണും എല്ലാമുണ്ട്. മറ്റൊരു വീടെടുക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പറയുന്ന ബിജു, സര്‍ക്കാരിന്റെ സഹായം  തേടുകയുമാണ്.

Post a Comment

Previous Post Next Post
Paris
Paris