കട്ടാങ്ങൽ : കളൻതോട് കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ എം.എൽ.എ ക്ക് പ്രതീകാത്മ സ്വീകരണവും ചിറ്റാരിപ്പിലാക്കലിൽ നിന്നും കൂളിമാട് വരെ ഓഫ് റോഡ് യാത്ര നടത്തിയും പ്രധിഷേധിച്ചു.
സമരത്തിന്റെ ഭാഗമായി ഇന്ന് ഈ റോഡ് ഓഫ് റോഡായി മാറി എന്നുന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രതീകാത്മക എം.എൽ. എയെ ഒരുക്കി സന്ദർശനം നടത്തിയും റോഡിലെ വെള്ളം നിറഞ്ഞ കുഴികളിൽ തോണിയിറക്കിയുമാണ് പ്രതിഷേധിച്ചത്.
2018 ജൂൺ 28നായിരുന്നു കളൻതോട് കൂളിമാട് റോഡിന്റെ പ്രവൃത്തിയുടെ ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരൻ നിർവഹിച്ചത്. 25 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്.
കുറഞ്ഞദൂരംകൊണ്ട് എളുപ്പത്തിൽ മലപ്പുറം ജില്ലയിലേക്ക് എത്താനാവുന്ന റോഡാണിത്. കൂടാതെ മലപ്പുറം ജില്ലയിലുള്ളവർക്ക് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻഐടി, ഐഐഎം, എം. വി. ആർ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് എത്താൻ കുറഞ്ഞ ദൂരവുമാകും. ഇത്തരത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ റോഡിന്റെ നവീകരണത്തിനായി 25 കോടി ഫണ്ട് വകയിരുത്തിയിരുന്നത്.
നിലവിലുള്ള റോഡിന്റെ വീതികൂട്ടുന്ന ഭാഗങ്ങളിൽ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് യഥാക്രമം സബ് ബേസ്, ബേസ് എന്നിവ നിർമിക്കുന്നതിനും റോഡിന്റെ ഉപരിതലത്തിൽ പതിക്കുന്ന മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിനുവേണ്ടി കൾവെർട്ട്, ഡ്രെയിനേജ് എന്നിവയും കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഇരുവശവും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിരുന്നു. റോഡ് സുരക്ഷാ സംവിധാനത്തിനാവശ്യമായ സീബ്രാ ലൈൻ ഉൾപ്പെടെയുള്ള റോഡ് മാർക്കിങ‌്, സ്റ്റഡുകൾ, സൈൻ ബോർഡുകൾ എന്നിവയും സ്കൂൾ പരിസരങ്ങളിലും ജങ‌്ഷനുകളിലും കൈവരിയും സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.
നിലമ്പൂരിലെ ത്രിമതി കോൺട്രാക്ടിങ‌് കമ്പനി എന്ന സ്ഥാപനമാണ് പ്രവൃത്തി കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ പ്രവൃത്തി തുടങ്ങി പാതിവഴിയിൽ വെച്ച് അവർ കരാറിൽ നിന്നും ഒഴിയുകയായിരുന്നു.
അതോടെ റോഡിന്റെ പ്രവർത്തിയും മുടങ്ങി. പിന്നീട് റീടെണ്ടർ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടിയോ സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരത്തിനിറങ്ങിയത്.
ചിറ്റാരിപ്പിലാക്കലിൽ നിന്നാരംഭിച്ച ഓഫ് റോഡ് യാത്ര കൂളിമാടിൽ സമാപിച്ചു. ചിറ്റാരിപ്പിലാക്കൽ അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ സമരജാഥ ഉൽഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺസ് പ്രസിഡണ്ട് ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു.
കൂളിമാട് അങ്ങാടിയിൽനടന്ന സമാപന പരിപാടി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി ഉൽഘാടനം ചെയ്തു. ഫഹദ് പാഴൂർ, ഫൈജാസ് ഇ.പി, ജിയാദ് പി.എ, അനൂപ്ഇ.പി, സാലിം പാഴൂർ, കെ.സി ഇസ്മാലുട്ടി, കെ.വി മുഹമ്മദ് റാഫി, സമദ് പറമ്പിൽ, എം.കെ അബ്ദുല്ല മാസ്റ്റർ, ടി.വി ഷാഫി, എ ടി സലാം, ജൻസ് വടക്കേതൊടി എന്നിവർ നേതൃത്വം നൽകി.
Post a Comment