തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി സ്വന്തംനിലയ്ക്ക് കുറയ്ക്കാനാവില്ലെന്ന നിലപാടിലുറച്ച് സംസ്ഥാനസർക്കാർ._ _നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാൽ കേരളത്തിലും ആനുപാതികമായി കുറയും. അതിനാൽ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതികുറച്ചത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്._ _ബി.ജെ.പി.യുടെ മുഖം രക്ഷിക്കാനാണിത്. ആ രാഷ്ട്രീയ തീരുമാനത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന സമീപനമാണ് എൽ.ഡി.എഫ്. സർക്കാരിന്. ജനങ്ങളെ ഇന്ധനവില വർധനയുടെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്താനാണ് സർക്കാരിന്റെ തീരുമാനം. ജനകീയാവശ്യം പരിഗണിച്ച് നികുതി കുറയ്ക്കാൻ സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനെ അനുവദിക്കുന്നില്ല. വരുമാനം കുറയുന്നത് ക്ഷേമപദ്ധതികളെ ബാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് വീതംവെക്കേണ്ടതില്ലാത്ത തരത്തിൽ 31 രൂപവരെയാണ് കൂട്ടിയത്. അതിന്റെ ഒരംശംമാത്രമാണ് ഇപ്പോൾ കേന്ദ്രം കുറച്ചത്.അസാധാരണ സാഹചര്യങ്ങളിൽ ഏർപ്പെടുത്തേണ്ട സെസ് വഴിയാണ് വില ഉയർത്തിയത്. അത് മുഴുവൻ പിൻവലിക്കണമെന്ന മുൻ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു’’- മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
Post a Comment