മാവൂർ കൽപ്പള്ളിക്കടവിലെ മണൽകടത്ത്: പാർട്ടിക്കെതിരെയുള്ള നുണ പ്രചരണം അവസാനിപ്പിക്കണം - സി.പി.ഐ.എം


മാവൂർ: മാവൂർ കൽപ്പള്ളിക്കടവിൽ നിന്നും മണൽ തോണികൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം നേതാക്കൾ മാവൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.




സി.പി.ഐ.എം മണൽ കള്ളക്കടത്തിന് ഒത്താശ ചെയ്യുകയാണെന്ന തരത്തിൽ ചില അച്ഛടിമാധ്യമങ്ങളിൽ വന്ന വാർത്തകൾ തീർത്തും വസ്തുതാ വിരുദ്ധമാണ്. അത്തരം തെറ്റായ വാർത്തകൾ നൽകുക വഴി മാധ്യമങ്ങൾ കളവ് പ്രചരിപ്പിക്കുന്നതോടൊപ്പം മറ്റാരുടെയോ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. വസ്തുതക്ക് നിരക്കാത്ത ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്നും അച്ഛടിമാധ്യമങ്ങൾ പിൻതിരിയണമെന്നും അവർ ആവശ്യപ്പെട്ടു.

പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന രണ്ട് തോണികളിൽ ഒന്ന് കഴിഞ്ഞ പ്രളയകാലത്തുൾപ്പെടെ മാവൂരിലെ ജനങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക്  ഏറെ ഉപകാരപ്പെട്ടതാണ്. തോണികൾ എന്തിനാണ് പുഴയിൽ കെട്ടിയിട്ടതെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും ചോദ്യം. തോണികൾ പുഴയിലല്ലാതെ മറ്റെവിടെയാണ് സൂക്ഷിക്കുക എന്നും അവർ ചോദിച്ചു.

മണൽകൊള്ള നടക്കുന്നുണ്ടെങ്കിൽ അത് കണ്ടുപിടിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. അത്തരക്കാരെ സംരക്ഷിക്കാൻ പാർട്ടിയുണ്ടാവില്ല. കൽപ്പള്ളിയിലെ ജനങ്ങളെയൊന്നാകെ കള്ളന്മാരാക്കി ചിത്രീകരിക്കുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാവില്ല. പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും നോക്കി നിൽക്കെ തോണികൾ പുഴയിൽ താഴ്ത്തിയവർക്കെതിരെ എന്ത് നടപടിയാണ് അധികൃതർ എടുത്തതെന്ന് അവർ വ്യക്തമാക്കണം.

കഴിഞ്ഞ കാലങ്ങളിൽ മണലെടുത്തിരുന്ന കടവുകളിൽ വ്യക്തമായ രജിസ്റ്ററുകൾ സൂക്ഷിച്ചിരുന്നു. വാഹനങ്ങൾക്ക് ടേൺ സമ്പ്രദായമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഗ്രാമപഞ്ചായത്തിൽ അതിന്റെ രേഖകൾ ഒന്നും തന്നെ കാണാനില്ല. അവയെല്ലാം മുക്കിയതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി.പി.ഐ. എം ഭാരവാഹികൾ പറഞ്ഞു.

മാവൂർ എ.കെ.ജി ഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സി.പി.ഐ.എം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.എം ബാലചന്ദ്രൻ, അബ്ദുൽ നാസർ കൽപ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ,  സായ് പൂത്തോട്ടത്തിൽ, അഹമ്മദ് എറക്കോട്ടുമ്മൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris