ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരം അവരെ ഇരകളായി പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന് കിട്ടിയ ശുപാർശ. ഇതിനായി ലഹരിവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരികയാണ്. അതേസമയം ലഹരിക്കടത്തും ലഹരി വിൽപനയും ഗുരുതര കുറ്റകൃത്യമായി തന്നെയാവും തുടർന്നും പരിഗണിക്കുക.
ചെറിയ തോതിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്കരിക്കാനാണ് നിലവിലെ ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച് നിരോധിച്ച ലഹരിമരുന്നുകൾ കൈവശം വയ്ക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷയും പിഴയും കിട്ടുന്ന കുറ്റമാണ്. ശിക്ഷയും കേസും ഒഴിവാക്കി ലഹരിമരുന്ന് കൈവശം വയ്ക്കുന്നവർക്ക് 30 ദിവസത്തെ നിർബന്ധിത കൌണ്സിലിംഗ് കൊടുക്കാനാണ് ശുപാർശ.
അതേസമയം എത്ര അളവിൽ വരെ ലഹരി ഉപയോഗിക്കുന്നവരെയാണ് ശിക്ഷയിൽ നിന്നും ഒഴിവാക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
Post a Comment