കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയം. കുഴഞ്ഞ് വീഴുന്നതിന് മുമ്പ് സമചിത്തതയോടെ ഡ്രൈവർ ബസ് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഡ്രൈവറെ ആശുപത്രിയിൽ എത്തിക്കുന്നതിന് മറ്റ് വാഹനങ്ങളിൽ എത്തിയവരൊന്നും തയ്യാറായില്ല.
പാലക്കാട്ടു നിന്നു പാറശാലയിലേക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ വൈക്കം സ്വദേശി എൻ.ജി.ബിജുവിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലചുറ്റുന്നതായി തോന്നിയതോടെ ബിജു ബസ് ഒതുക്കി നിർത്തി. ബസ് നിന്നതും ബോധംകെട്ടു വീണതും ഒരുമിച്ചായിരുന്നു. കണ്ടക്ടർ എം.ആർ.സനൽരാജ് കുമാറും യാത്രക്കാരും ചേർന്ന് എടുത്തു സീറ്റിൽ കിടത്തി. ബസിലുണ്ടായിരുന്ന ഡോക്ടർ പ്രഥമശുശ്രൂഷ നൽകി എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. എന്നാൽ, അതുവഴി പോയ വാഹനങ്ങളൊന്നും നിർത്താൻ തയാറായില്ല. ഒടുവിൽ ഹരിപ്പാട് ഡിപ്പോയിലെ ഓർഡിനറി ബസ് ഡ്രൈവർ ജി.പ്രദീപ് സൂപ്പർഫാസ്റ്റ് ഓടിച്ച് ബിജുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ബിജുവിനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. ചൊവ്വാഴ്ച 2.30നു പാറശാലയിൽ നിന്നു പുറപ്പെട്ട സൂപ്പർഫാസ്റ്റ് ഇന്നലെ പുലർച്ചെ മൂന്നിനാണു പാലക്കാട്ട് എത്തിയത്. അവിടെ നിന്നു രാവിലെ 6.15നു തിരിച്ച് വൈകിട്ട് 4.30നു പാറശാലയിൽ എത്തുന്ന സർവീസാണിത്.
Post a Comment