ആസിം വെളിമണ്ണ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിൽ; ജേതാവിന് ഒരു ലക്ഷം യൂറോ


വെളിമണ്ണ : ഈ വർഷത്തെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് അന്തിമ പട്ടികയിൽ ആസിം വെളിമണ്ണയും. കുട്ടികളുടെ അവകാശങ്ങൾക്കായി ധീരമായി പോരാടുന്ന യുവാക്കളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്. 17-ാമത് പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റുകളെ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷൻ രക്ഷാധികാരി ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവാണ് പ്രഖ്യാപിച്ചത്.




39 രാജ്യങ്ങളിൽ നിന്നുള്ള 169 ലധികം നോമിനേഷനുകളിൽ നിന്നാണ് വിദഗ്ധ സംഘം മൂന്ന് ഫൈനലിസ്റ്റുകളുടെ  ചുരുക്കപ്പട്ടിക തയാറാക്കിയത്. ആസിമിനെ കൂടാതെ മറ്റുള്ളവർ ഇംഗ്ലണ്ടിൽ നിന്നും നെതർലാൻഡിൽ നിന്നും ഉള്ളവരാണ്.

ഹൈബ്രിഡ് ചടങ്ങ് നവംബർ 13ന് ഹേഗിലെ ഹാൾ ഓഫ് നൈറ്റ്‌സിൽ നടക്കും. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളാണ് എല്ലാ വർഷവും ചിൽഡ്രൻസ് പീസ് പ്രൈസ് സമ്മാന വിതരണം നിർവഹിക്കുന്നത്. ഈ വർഷം 2014 ലെ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാർഥി, വിജയിയെ പ്രഖ്യാപിക്കും. എൻകോസി പ്രതിമയ്ക്ക് പുറമെ അവാർഡ് ജേതാവിന് പഠനത്തിനും പരിചരണത്തിനുമുള്ള ഗ്രാന്റും പ്രഖ്യാപിക്കും. ജേതാവിന് ഒരു ലക്ഷം യൂറോ പ്രോജക്ട് ഫണ്ടും ലഭിക്കും. അതിൽ പകുതി വിജയിയുടെ തീം എന്താണോ അതിലേക്ക് പോകും. പകുതി കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന മറ്റ് യുവ പോരാളികളുടെ പ്രൊജക്ടുകളിൽ കിഡ്‌സ് റൈറ്റ്‌സ് നിക്ഷേപിക്കും. ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ പ്രചോദിപ്പിക്കുന്ന ഇന്ത്യയിൽ നിന്നുള്ള 15 വയസ്സുള്ള അംഗപരിമിതനായ കുട്ടിയാണ് മുഹമ്മദ് ആസിം.

എത്യോപ്യൻ മാതാപിതാക്കൾക്ക് നെതർലാൻഡിൽ ജനിച്ച 18 വയസ്സുള്ള പെൺകുട്ടിയായ ക്രിസ്റ്റീന അഡേൻ ഇപ്പോൾ യു.കെയിൽ താമസിക്കുന്നു. ഭക്ഷണ അനീതിക്കെതിരെ പോരാട്ടത്തിലൂടെയാണ് ശ്രദ്ധേയയായത്. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് ലോകം  ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിലെ ദൽഹിയിൽ നിന്നുള്ള സഹോദരങ്ങളായ വിഹാൻ (17), നവ് അഗർവാൾ (14) എന്നിവരാണ് മറ്റ് ഫൈനലിസ്റ്റുകൾ. കേരളത്തിലെ ഒരു ചെറിയ ഗ്രാമമായ വെളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം. കൈകളില്ലാതെ ജനിച്ച മുഹമ്മദ് ആസിം 90 ശതമാനം അംഗപരിമിതനാണ്. നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താനുള്ള പോരാട്ടത്തിൽ മുഹമ്മദ് ആസിം രണ്ടു ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നയിച്ചു. ഇതിനായി ആസിം കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുകയും ചെയ്തു. 2015 ൽ കേരള സർക്കാർ ആസിമിന്റെ ആവശ്യം  അംഗീകരിച്ച് ഹൈസ്‌കൂൾ പഠനം അനുവദിച്ചു. മുഹമ്മദ് ആസിമിന്റെ ശ്രമഫലമായി സ്‌കൂളിലെ വിദ്യാർഥികളുടെ എണ്ണം 200 ൽ നിന്ന് 700 ആയി ഉയർന്നു. സുപ്രീം കോടതി തനിക്ക് അനുകൂലമായി വിധിക്കുമെന്ന് മുഹമ്മദ് ആസിം പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris