എൻജിനിയർചമഞ്ഞ് ഏഴരലക്ഷത്തിന്റെ കമ്പി തട്ടി മറിച്ചുവിറ്റു, ഗോവയില്‍ കറക്കം; സിനിമാസ്റ്റൈല്‍ തട്ടിപ്പ്


താമരശ്ശേരി : എൻജിനിയർ ചമഞ്ഞ് കടയുടമയെ കബളിപ്പിച്ച് സ്ഥാപനത്തിൽ നിന്ന്‌ ഏഴരലക്ഷത്തോളം രൂപയുടെ കമ്പി തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കണ്ണൂർ താവക്കര സമീർ കോട്ടേജിൽ ദിജിൽ സൂരജിനെയാണ്‌ (34) താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോരങ്ങാട് സിമന്റ് ഹൗസ് എന്ന സ്ഥാപനത്തിൽനിന്ന്‌ കോൺക്രീറ്റിനായി ഉപയോഗിക്കുന്ന പത്തര ടൺ കമ്പിയുമായി മുങ്ങിയ കേസിലാണ് പ്രതി പിടിയിലായത്.




താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. പത്താംതരംവരെ മാത്രം പഠിച്ച ദിജിൽ സൂരജ് സ്മാർട്ട് ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നതെന്നും മറ്റിടങ്ങളിലും സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും താമരശ്ശേരി പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ നവംബർ 27-നാണ് എൻജിനിയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ദിജിൽ സൂരജ് കോരങ്ങാട്ടെ സ്ഥാപനത്തിലെത്തി വാർപ്പിനുള്ള കമ്പിക്ക്‌ ഓർഡർ നൽകിയത്. അന്നും അതിന് മുമ്പത്തെ ദിവസങ്ങളിലുമായി മുക്കത്തെയും താമരശ്ശേരിയിലെയും മറ്റ് ചില കടകളിലുംകൂടി ഇയാൾ കമ്പികൾ വാങ്ങാനായി സമീപിച്ചിരുന്നു. നാലോളം വർക്ക് സൈറ്റുകളിലേക്കായി പത്തര ടണ്ണോളം കമ്പി ഇറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിജിൽ കോരങ്ങാട്ടെ കടയിലെത്തി അമ്പതിനായിരം രൂപയും ബാക്കി തുകയ്ക്കുള്ള ചെക്കും നൽകിയത്.

ഇയാൾ പറഞ്ഞപ്രകാരം അണ്ടോണയിലെ നിർമാണം നടക്കുന്ന ഒരു വീടിന് സമീപം റോഡരികിലായി കടയുടമ പിറ്റേദിവസം രാവിലെ 10.400 ടൺ കമ്പികൾ കൊണ്ടിറക്കി. അന്ന് അർധരാത്രിയോടെ ഒരുലോറിയുമായി സ്ഥലത്തെത്തിയ ദിജിൽ മൈക്കാവ് സ്വദേശികളായ ഏതാനും യുവാക്കളെ ഉപയോഗിച്ച് കമ്പികളെല്ലാം ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇറക്കിയ കമ്പികൾ ഒറ്റ രാത്രികൊണ്ട് കാണാതാവുകയും ദിജിൽ നൽകിയ ചെക്ക് മടങ്ങുകയും ചെയ്തതോടെ കടയുടമ അബ്ദുൾ ബഷീർ താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

വയനാട്ടിൽ മറിച്ചുവിറ്റ് ഗോവയിലേക്ക്

:കോരങ്ങാടുനിന്ന് കടത്തിക്കൊണ്ടുപോയ കമ്പി വയനാട് പടിഞ്ഞാറത്തറയിലെ മറ്റൊരു കടയിൽ ദിജിൽ വില കുറച്ചു വിൽക്കുകയായിരുന്നു. വർക്ക്‌സൈറ്റിൽ ബാക്കിയായ കമ്പികളെന്ന് പറഞ്ഞ് കടയുടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിൽപ്പന. മൂന്ന് ലക്ഷം രൂപ അന്ന് വാങ്ങിയ ദിജിൽ ബാക്കി തുക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ആവശ്യപ്പെട്ട് മടങ്ങി. പിന്നീട് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തി അവിടെ രണ്ടുദിവസം തങ്ങിയശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്തി. പിന്നീട് തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി കറങ്ങി. മലപ്പുറം കോട്ടയ്ക്കലിലെ ലോഡ്ജിൽ കഴിയവേയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്. ചാരായം വാറ്റിയതിന് ഇയാൾ മുമ്പ് ഒന്നരവർഷത്തോളം ഗൾഫിൽ ജയിലിൽ കിടന്നതായി പോലീസ് അറിയിച്ചു.

വയനാട്ടിൽ വിൽപ്പന നടത്തിയതിൽ ഒമ്പത് ടണ്ണോളം കമ്പി അന്വേഷണസംഘം കണ്ടെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, എസ്.ഐ.മാരായ വിനോദ് ചെറൂപ്പ, രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Post a Comment

Previous Post Next Post
Paris
Paris