തിരുവനന്തപുരം : സബ്സിഡി ഇതര സാധനങ്ങൾക്ക് കുത്തനെ വില കയറ്റി. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടിയത്. നിശ്ചിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. 22 രൂപയാണ് ഒരു കിലോ മുളകിന് കൂട്ടിയത്. 112ൽനിന്ന് 134ലേക്കാണ് മുളക് വില കുതിച്ചത്. പിരിയൻ മുളകിന് 14 രൂപയാണ് കൂട്ടിയത്. 160ൽനിന്ന് 174 ആയി. 84 രൂപയുണ്ടായിരുന്ന പയറിന് ഒറ്റയടിക്ക് 14 രൂപ കൂട്ടി 98 രൂപക്കാണ് ശനിയാഴ്ച മുതൽ വിൽക്കുന്നത്. ചെറുപയർ പരിപ്പിന് 11 രൂപ വർധിച്ചു. 105ൽനിന്ന് 116 രൂപയിലേക്കാണ് വില ഉയർന്നത്.
പരിപ്പിന് ആറ് രൂപ കൂട്ടി 76ൽ നിന്ന് 82 ആക്കി. മുതിരക്കും കൂടി ആറ് രൂപ. 44ൽനിന്ന് 50 രൂപയിലേക്കാണ് വില മാറിയത്. മല്ലിക്ക് കൂടിയത് നാല് രൂപയാണ്. 106ൽനിന്ന് 110 രൂപയായി.
ഉഴുന്ന് പൊളിക്ക് നാലു രൂപ കൂട്ടി 104 ആക്കി. ജീരകത്തിനും കടുകിനും നാല് രൂപ വീതം കൂടി. 196ൽനിന്ന് 210ലേക്കാണ് ജീരകവില കുതിച്ചത്. കടുക് 106ൽനിന്ന് 110ലേക്കും വില കയറി. മട്ട ഉണ്ട അരിയുടെ നിലവിലെ വില 31 രൂപയാണ്. നേരത്തെ ഇതിെൻറ വില 28 ആയിരുന്നു. മൂന്ന് രൂപയുടെ വ്യത്യാസമാണ് ഇതിലുണ്ടായത്. ഇഡലി അരിക്കും മൂന്ന് രൂപ തന്നെയാണ് കൂട്ടിയത്. 32ൽനിന്ന് വില 35 ആയി ഉയർന്നു. സുരേഖക്ക് 50 പൈസ കൂട്ടി. 34.50 ശനിയാഴ്ച മുതൽ 35 രൂപയാക്കി ഉയർത്തി. പഞ്ചസാരക്കും 50 പൈസ കൂട്ടി. കിലോക്ക് 38.50 രൂപയുണ്ടായിരുന്നത് ഇപ്പോൾ 39 ആയി. വിലക്കയറ്റ സന്ദർഭത്തിൽ വിപണിയിൽ ഇടപെടേണ്ട സപ്ലൈകോയാണ് തുറന്ന വിപണിക്ക് അനുകൂലമായ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിലക്കയറ്റം തടയാൻ മൊബൈൽ മാവേലി സ്റ്റോറുകളും ഓൺലൈൻ വിപണിയുമൊക്കെയായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജനവിരുദ്ധ നടപടി.
Post a Comment