വിജനമായിരുന്ന റോഡുകൾ കോവിഡിന് ശേഷം തിരക്കിലേക്ക് അമർന്നതോടെ അപകടമരണങ്ങളുടെ എണ്ണവും വർധിച്ചു. നഗര-ഗ്രാമീണ റോഡുകളെന്ന വ്യത്യാസമില്ലാതെ ദിവസേന നിരവധി അപകടങ്ങളാണ് ജില്ലയിൽ നടക്കുന്നത്. അധിക അപകടങ്ങളിലും ജീവൻ നഷ്ടപ്പെടുന്നില്ലെങ്കിലും ഗുരുതര പരിക്കുകളാണ് യാത്രക്കാർക്ക് സംഭവിക്കുന്നത്. ഇതിൽ തന്നെ ഇരുചക്ര യാത്രക്കാരാണ് അപകടങ്ങളിൽപ്പെടുന്നവരിൽ ഏറെയും. പത്ത് മാസത്തിനിടെ ജില്ലയിലെ നഗര- ഗ്രാമ റോഡുകളിൽ പൊലിഞ്ഞത് 220 ജീവനുകളാണ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 117 പേരാണ് ഗ്രാമീണ റോഡുകളിലുണ്ടായ അപകടത്തിൽ മരിച്ചത്. 103 പേർ നഗരത്തിലും. 2557 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്.
പോലീസ് സ്ഥിരീകരണമനുസരിച്ച് 2402 അപകടങ്ങളാണുണ്ടായത്. കാൽനട യാത്രക്കാരായ 41 പേരും ഇക്കാലയളവിൽ അപകടത്തിൽ മരിച്ചു. ഗ്രാമീണ റോഡുകളിലാണ് കാൽനടയാത്രക്കാർ കൂടുതലും മരിച്ചത്. നഗര റോഡുകളിൽ 15 പേരുടെ ജീവനുകൾ പൊലിഞ്ഞപ്പോൾ 26 പേരാണ് ഗ്രാമീണ റോഡുകളിൽ മരിച്ചത്.
390 പേർക്ക് പരിക്കേറ്റു. റോഡപകടങ്ങളിൽപെടുന്നവരിൽ 70 ശതമാനവും ബൈക്ക് യാത്രികരാണ്.
1684 ബൈക്ക് അപകടങ്ങളിൽ 116 പേർക്കാണ് ജീവൻ നഷ്ടമായത്. മിക്ക അപകടങ്ങളുടെയും വില്ലനാകുന്നത് അമിത വേഗതയും റോഡുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടതുമാണ്. ഇതോടൊപ്പം തന്നെ രാത്രികാലങ്ങളിൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവു നൽകിയ ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് അപകടം കുത്തനെ ഉയർന്നത്.
Post a Comment