സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ 12 അംഗ സംഘത്തിലുള്ള ആളാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും ഇന്ന് തന്നെ എല്ലാവരേയും കസ്റ്റഡിയിലെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സുധീഷിനെയാണ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. നൂറിലേറെ വെട്ടുകൾ സുധീഷിന്റെ ശരീരത്തിലുണ്ട്. സുധീഷിനെ തേടി പല വീടുകളിലും കയറിയിറങ്ങിയ സംഘം നേരത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ആറ്റിങ്ങൽ വധശ്രമക്കേസിലാണ് കൊല്ലപ്പെട്ട സുധീഷ് ഒളിവിൽ പോയത്. സുധീഷിന്റെ സഹോദരനടക്കം നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രണം. ഗുണ്ടാസംഘത്തെ കണ്ട് ബന്ധുവിന്റെ വീട്ടിലേക്ക് കയറിയ സുധീഷിനെ വീടിനകത്തിട്ട് വെട്ടുകയായിരുന്നു. വീട്ടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം.
വാഹനത്തിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. വെട്ടി മരണശയ്യയിലാക്കിയിട്ടും പകതീരാതെയാണ് കാൽപാദം വെട്ടിയെടുത്ത് ഗുണ്ടാസംഘം റോഡിലെറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.
Post a Comment