സ്ത്രീവിരുദ്ധ ചോദ്യം'; വിവാദ ഭാഗം ഒഴിവാക്കി സിബിഎസ്ഇ, മാര്‍ക്ക് നഷ്ടപ്പെടില്ല


പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം പിന്‍വലിച്ച് സിബിഎസ്ഇ. ചോദ്യം സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചോദ്യം പിന്‍വലിക്കുകയാണെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചത്. വിവാഹ വിമോചനം സ്ത്രീകളെ നശിപ്പിക്കുന്നുവെന്നു എന്നുള്‍പ്പെടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ചോദ്യമാണ് വിമർശനങ്ങള്‍ ഉയർന്നതിനെ തുടർന്ന് സിബിഎസ്ഇ പിന്‍വലിച്ചത്.




അതേസമയം ആര്‍ക്കും മാര്‍ക്ക് നഷ്ടപ്പെടില്ലെന്നും പിന്‍വലിച്ച ചോദ്യത്തിന് നിശ്ചയിച്ചിരുന്ന മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ ഖണ്ഡിക ആയിരുന്നില്ല. അതിനാല്‍ ഇതിനോട് അനുബന്ധിച്ച് വന്ന ചോദ്യങ്ങള്‍ ഒഴിവാക്കുകയാണെന്ന് സിബിഎസ്ഇ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ദേശീയ തലത്തില്‍ തന്നെ ചോദ്യപേപ്പര്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബോര്‍ഡ് ചോദ്യം പിനന്‍വലിച്ചത്. ഭര്‍ത്താവിന്റെ പാത സ്വീകരിക്കുന്നതിലൂടെ മാത്രമേ സ്ത്രീക്ക് അവരുടെ കുഞ്ഞുങ്ങളുടെ മേല്‍ അച്ചടക്കം നേടിയെടുക്കാന്‍ സാധിക്കൂവെന്ന പരാമര്‍ശവും ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരുന്നു. 'ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ അനുസരിക്കുന്നത് നിര്‍ത്തി, കുട്ടികളും വേലക്കാരും അച്ചടക്കമില്ലാത്തതിന്റെ പ്രധാന കാരണം ഇതാണ്.' 'സ്ത്രീകള്‍ സ്വാതന്ത്ര്യം നേടുന്നത് സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാവുന്നു'. എന്നിങ്ങനെയാണ് ചോദ്യപ്പേപ്പറിലെ പരാമര്‍ശങ്ങള്‍.

ട്വിറ്ററില്‍ 'സിബിഎസ്ഇ ഇന്‍സള്‍ട്ട്‌സ് വുമണ്‍' ഹാഷ് ടാഗ് ട്രെന്‍ഡായി മാറുകയും ചെയ്തിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. സിബിഎസ്ഇ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം അരോചകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പാഠ്യഭാഗങ്ങളില്‍ ബിജെപി ആര്‍എസ്എസ് ചിന്താധാരകള്‍ തിരുകികയറ്റി യുവജനതയുടെ ധാര്‍മ്മിക മൂല്ല്യങ്ങളും ഭാവിയും നശിപ്പിക്കുമെന്ന ആശങ്കയും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris