കോട്ടയം :മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ എടുത്തുകൊണ്ട് പോയത്. കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. ആശുപത്രി പരിസരത്തെ ഹോട്ടലില്‍ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും അതിനായി ചികിത്സ നടത്തണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയായിരുന്നു.
കുഞ്ഞിനെ കൊണ്ടുപോയ സ്ത്രീ ഗൈനക്കോളജി വാര്‍ഡിലെത്തിയത് നഴ്‌സിന്റെ വേഷത്തിലാണെന്ന് ആര്‍എംഒ ഡോ.രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നഴ്‌സ് ധരിക്കുന്ന കോട്ടും അണിഞ്ഞിരുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത് എന്‍ഐസിയുവിലേക്കെന്ന വ്യാജേനയാണ്.
ഗാന്ധി നഗര്‍ പൊലീസാണ് കുഞ്ഞിനെ കണ്ടെത്തിയത്. സ്ത്രീക്കൊപ്പം എട്ടുവയസുള്ള ആണ്‍കുട്ടിയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Post a Comment