കോഴിക്കോട് : തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവെച്ചത്. മുക്കം സ്വദേശിയായ സി.എം ബാലനെന്നയാളാണ് പന്നിയെ വെടിവെച്ചത്. പന്നിക്ക് ഏകദേശം ഒരു ക്വിന്റെലില്‍ അധികം തൂക്കമുണ്ട്. ബൈപ്പാസില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൊണ്ടാണ് പന്നി ഇവിടെ എത്തിയതെന്നും സി.എം ബാലന്‍ പറഞ്ഞു.
ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടിമുക്ക് ചിറ്റടിപുറായില്‍ സിദ്ധിഖ് (38) ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്. കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ് (22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊണ്ടയാട് ബൈപ്പാസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
സോളാര്‍ പാനല്‍ വെല്‍ഡിങ് ജോലിയുമായി ബന്ധപ്പെട്ട് തൃശ്ശൂരിലേക്ക് പോകുകയായിരുന്നു സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍. സിദ്ധിഖ് വാനിന്റെ മുന്‍സീറ്റിലിരിക്കുകയും അനൂപും ദൃശ്യന്‍ പ്രമോദും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധിഖിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചു. സാരമായി പരിക്കേറ്റ സന്നാഫിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.
Post a Comment