കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പ് കവർച്ച പ്രതികൾ പിടിയിൽ.


 കോടഞ്ചേരി: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പ് കവർച്ച ചെയ്തു 15 ഫോണുകൾ കളവ് നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.




മുക്കം മുരിങ്ങമ്പുറായി പൂവത്തിക്കൽ വീട്ടിൽ അജാസ്( 20), മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20) എന്നിവരെയാണ് ഇന്ന് അഞ്ചാം തിയ്യതി കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ  രണ്ടിന് പുലർച്ചെ 2.50നാണ്  കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിൽ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ്‌ ധരിച്ചു പ്രതികൾ അകത്തു കയറി വില്പനക്ക് വെച്ച 15 പുതിയ ഫോണുകൾ കവർന്നത്. സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമാണ് കളവ് നടത്തിയത്. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംഗിൾ ഗ്രൈൻഡർ ഫ്ളിപ് കാർട്ടിൽ നിന്നും 5800 രൂപക്ക് ഓൺലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്പത്തൂർ, തിരൂർ, കൽപ്പറ്റ, കുന്നമംഗലം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ 7 ഫോണുകൾ പ്രതികൾ വിറ്റു.
   
ഇന്റർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത കണ്ണൂർ സ്വദേശിയായ റോഷൻ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിങ് ലൈസെൻസിന്റെ കോപ്പി തിരിച്ചറിയൽ രേഖയായി ഫോൺ വിറ്റ കടകളിൽ പ്രതികൾ നൽകി. കിട്ടിയ പണം പ്രതികൾ വീതിച്ചെടുത്തു. കളവു നടത്തിയ 3 ഫോണുകൾ കണ്ടെടുത്തു.
     
താത്കാലിക സാമ്പത്തിക പ്രയാസം മറ്റുവാനാണ് കളവ് നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. പ്രതികൾ മൊബൈൽഫോൺ വില്പന നടത്തുവാൻ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുത്തു പോലീസ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ ബാക്കിയുള്ള 8 ഫോണുകൾ നാലാം തിയതി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ചേന്ദമംഗലൂർ പലത്തിനടിയിൽ ഇരുവഴിഞ്ഞിപുഴയിൽ എറിഞ്ഞതായി മൊഴി നൽകി. ആഴമേറിയ ഭാഗത്ത്‌ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല.
      
പ്രതികളെ താമരശ്ശേരി Jfcm 2 കോടതിയിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി  കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.



        
താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ  നേതൃത്വത്തിൽ കോടഞ്ചേരി ഇൻസ്‌പെക്ടർ കെ.പി പ്രവീൺ കുമാർ, എസ്.ഐ മാരായ കെ.സി അഭിലാഷ്, വി പത്മനാഭൻ, സിപിഒ. ജിനേഷ് കുര്യൻ, സനൽ കുമാർ. സി.കെ, ക്രൈം സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, സുരേഷ് വി.കെ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris