കോഴിക്കോട്: കലുങ്ക് നിര്‍മാണത്തിനായി നടുറോഡില്‍ കുഴിച്ച ഭീമന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരിയില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാളുടെ തുടയെല്ലിന് പൊട്ടലേല്‍ക്കുകയും ശരീരമാസകലം പരിക്കുകളുമുണ്ട്.
റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തിയത്.
അപകടം നടന്ന സ്ഥലത്ത് റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാതെ വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അബ്ദുള്‍ റസാഖ് നേരെ കുഴിയില്‍ പതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ കരാറുകാരനെതിരെ നടുപടിയെടുക്കാനും കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാളായി പണി നടക്കുന്ന ഇവിടെ തെരുവ് വിളക്ക് പോലും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു
Post a Comment