മാവൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവിൽ നിർമിക്കുന്ന പാലത്തിന്റെ മുഴുവൻ സ്ലാബുകളുടെയും കോൺക്രീറ്റ് പൂർത്തിയായി. അവസാന സ്ലാബ് വെള്ളിയാഴ്ച കോൺക്രീറ്റ് ചെയ്തു. ആകെ 10 സ്ലാബാണ് പാലത്തിനുള്ളത്. 2020 ജൂലൈയിലാണ് കോഴിക്കോട് ജില്ലയിൽപെട്ട മാവൂർ ഭാഗത്തുനിന്ന് ആദ്യ സ്ലാബ് കോൺക്രീറ്റ് ചെയ്ത് തുടങ്ങിയത്.
മറുകരയിൽ മലപ്പുറം ജില്ലയിൽപെട്ട എളമരം ഭാഗത്തെ അവസാന സ്ലാബാണ് വെള്ളിയാഴ്ച കോൺക്രീറ്റ് ചെയ്തത്. 2019 മാർച്ചിലാണ് പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങിയത്. ഏപ്രിൽ മാസത്തോടെ മുഴുവൻ പ്രവൃത്തിയും തീർക്കാനാകുമെന്നാണ് പ്രതീക്ഷ. മാവൂർ ഭാഗത്ത് അപ്രോച്ച് റോഡിന്റെ ടാറിങ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്യുന്ന ജോലി നടക്കുന്നുണ്ട്. എളമരം ഭാഗത്ത് എളമരം അങ്ങാടിവരെ അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്.
ഈ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിങ് കഴിയുന്നതോടെ പാലത്തിനു മുകളിലെ ടാറിങ്ങും നടക്കും. പാലത്തിൽ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. പാലത്തിൽ ഇരുഭാഗത്തും ഫുട്പാത്ത് ടൈൽസ് പതിക്കുന്നതും പെയിന്റിങ് ജോലികളുമായിരിക്കും ഏറ്റവും അവസാനഘട്ടത്തിൽ നടക്കുക. ഫിനിഷിങ് പ്രവൃത്തികളടക്കം തീർത്ത് ഏപ്രിലിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് എളമരം കടവിൽ പാലം പണിയുന്നത്.
350 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ വീതമുള്ള 10 സ്പാനുകളാണുള്ളത്. 11.5 മീറ്ററാണ് പാലത്തിന്റെ വീതി. 2019ലെ പ്രളയ ജലനിരപ്പ് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ നിർദേശാനുസരണം ഒരു മീറ്റർ ഉയരം കൂട്ടിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പി.ടി.എസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബിൽഡേഴ്സും ചേർന്നാണ് നിർമാണം നടത്തുന്നത്
Post a Comment