മുക്കം : സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് മുക്കം നഗരസഭയിലെ കച്ചേരി പ്രദേശത്തെ പെൺകുട്ടികൾ. നഗരസഭയുടെ ആർച്ച (ആക്ക്യുറിങ് റെസിസ്റ്റൻസ് എഗൈൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്സ്മെന്റ്) പദ്ധതിക്ക് കീഴിലാണ് പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരിശീലനം.
വിവിധ ക്ലബ്ബുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും മേൽനോട്ടം പരിശീലന പരിപാടിക്കുണ്ട്. കച്ചേരി എൽ.പി സ്കൂളിലാണ് പരിശീലനം നടത്തുന്നത്. ഇന്റർനാഷണൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ സ്കൂളിന്റെ ചീഫ് ഇൻസ്ട്രക്ടറും സിക്സ്ത് ഡാൻ ബ്ലാക്ക് ബെൽറ്റുമായ വി. പി രാജൻ ആണ് മുഖ്യ പരിശീലകൻ.
20 കുട്ടികളാണ് നിലവിൽ പരിശീലനം നേടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതോടെ കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകും. അഗസ്ത്യമുഴി, മണാശ്ശേരി എന്നിവിടങ്ങളിലുള്ള ബാച്ചുകൾ ഈ ആഴ്ച തന്നെ ആരംഭിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി അടുത്ത സാമ്പത്തിക വർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പരിശീലനം നഗരസഭ ചെയർമാൻ പി ടി ബാബു വിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ. പി.ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ ബിന്ദു.കെ, ജോഷില.പി, രാജൻ എടോനി, ബിന്നി മനോജ്, നഗരസഭാ സെക്രട്ടറി എൻ. കെ ഹരീഷ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
Post a Comment