എൻ.ഐ.ടി-പുത്തൂർ-കൂടത്തായി റോഡ്‌ പുനരുദ്ധാരണം;സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി തുടങ്ങും:ഡോ.എം.കെ.മുനീർ എം.എൽ.എ.


ഓമശ്ശേരി: കിഫ്ബിയിലുൾപ്പെടുത്തി 45.2 കോടി രൂപ ചെലവഴിച്ച്‌ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ ഭരണാനുമതിയും സാമ്പത്തികാനുമതിയും ലഭിച്ച എൻ.ഐ.ടി-അമ്പലക്കണ്ടി-പുത്തൂർ-വെളിമണ്ണ-കൂടത്തായി റോഡ്‌ സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി തുടങ്ങാനാവുമെന്ന് ഡോ:എം.കെ.മുനീർ എം.എൽ.എ.പറഞ്ഞു.സാങ്കേതികാനുമതി ലഭിക്കണമെങ്കിൽ റോഡിനിരു വശവും ഭൂമി വിട്ടു നൽകേണ്ടവരിൽ തൊണ്ണൂറു ശതമാനം പേരെങ്കിലും ഭൂമി കൈമാറണം.ഇതിനകം അറുപത്‌ ശതമാനം പേർ ലാന്റ്‌ റിലിംഗിഷ്‌മന്റ്‌ ഫോറം ഒപ്പിട്ടു നൽകിയിട്ടുണ്ട്‌.ആകെ 342 പേരാണ്‌ ഒപ്പിട്ടു നൽകേണ്ടത്‌.




അമ്പലക്കണ്ടി മദ്‌റസയിലും വെളിമണ്ണ സ്കൂളിലും കഴിഞ്ഞ ദിവസം എം.എൽ.എ.വിളിച്ചു ചേർത്ത രണ്ട്‌ മേഖലാ യോഗങ്ങൾ ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മത പത്രം ഒപ്പിട്ട്‌ വാങ്ങുന്ന പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ തീരുമാനിച്ചു.
ഓമശ്ശേരി പഞ്ചായത്തിലെ 8,9,10,15 വാർഡുകളിലുള്ളവരുടെ യോഗം അമ്പലക്കണ്ടി മദ്‌റസയിലും 12,13,14,18,19 വാർഡുകളിലുള്ളവരുടെ യോഗം വെളിമണ്ണ സ്കൂളിലുമാണ്‌ നടന്നത്‌.ഇരു യോഗങ്ങളും ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.അത്യാധുനിക സംവിധാനങ്ങളോടെ പുനർ നിർമ്മിക്കാനുദ്ദേശിക്കുന്ന റോഡിന്‌ സാങ്കേതികാനുമതി ലഭിക്കുന്നതിന്‌ റോഡിനിരുവശത്തുമുള്ള ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.സാങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച്‌ ഉടൻ പ്രവൃത്തി തുടങ്ങാനാവുമെന്ന് അദ്ദേഹം പറഞ്ഞു.




ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത്‌ മെമ്പർമാരായ അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാ ദേവി,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,കെ.ആർ.എഫ്‌.ബി.അസിസ്റ്റന്റ്‌ എഞ്ചിനീയർ ഹൃദ്യ ടി.എസ്‌ എന്നിവർ സംസാരിച്ചു.

11.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ തുടങ്ങുന്നത്‌ എൻ.ഐ.ടിക്കടുത്തുള്ള പന്ത്രണ്ടാം മൈലിൽ നിന്നാണ്‌.പത്ത്‌ മീറ്റർ വീതിയിലാണ്‌ റോഡ്‌ പ്രവൃത്തി നടക്കുക.ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതം വിട്ട്‌ ഏഴ്‌ മീറ്റർ വീതിയിലാണ്‌ ടാറിംഗ്‌ നടത്തുക.കൈവരിയും ഫുട്‌ പാത്തും ബസ്‌ വെയ്റ്റിംഗ്‌ ഷെഡുമുൾപ്പടെയുള്ള സംവിധാനങ്ങളോടെയാണ്‌ റോഡ്‌ പണി നടത്താനുദ്ദേശിക്കുന്നത്‌.ഇലക്ട്രിക്‌ ലൈനുകളും വാട്ടർ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിന്‌ വൈദ്യുതി ബോർഡിന്റേയും വാട്ടർ അതോറിറ്റിയുടേയും എസ്റ്റിമേറ്റ്‌ കെ.ആർ.എഫ്‌.ബിക്ക്‌ ലഭിച്ചു കഴിഞ്ഞു.ഇരു വശത്തുമുള്ള മരങ്ങൾ മുറിക്കുന്നതിന്‌ വനം വകുപ്പിൽ നിന്ന് മരങ്ങൾക്ക്‌ വില നിർണ്ണയിച്ചുള്ള  അനുമതി ഉടൻ ലഭിക്കുമെന്ന് കെ.ആർ.എഫ്‌.ഫി.പ്രതിനിധികൾ പറഞ്ഞു.താമരശ്ശേരി താലൂക്കിൽ പെട്ട സ്ഥലങ്ങളുടെ സർവ്വേ നടപടികൾ ഇതിനകം പൂർത്തിയായി.കോഴിക്കോട്‌ താലൂക്ക്‌ പരിധിയിലുള്ള സർവ്വേ നടന്നു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു..

Post a Comment

Previous Post Next Post
Paris
Paris