വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് വിൻഡീസിനെ ഇന്ത്യ തോൽപിച്ചത്. മത്സരത്തിലുടനീളം ഇന്ത്യൻ മേധാവിത്വമായിരുന്നു. കാര്യമായ വെല്ലുവിളികളുയർത്താൻ വിൻഡീസ് ബാറ്റർമാർക്കോ, ബൗളർമാർക്കോ ആയില്ല.
സ്‌കോർബോർഡ് ചുരുക്കത്തിൽ: വെസ്റ്റ് ഇൻഡീസ്: 176(43.5 ഓവർ) ഇന്ത്യ: 178-4(28 ഓവർ) 177 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇശൻ കിഷനും ചേർന്ന് നൽകിയത്. രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി നേടി. ഇഷൻ കിഷന് (28)രോഹിതിന് പിന്തുണ കൊടുക്കേണ്ട ചുമതലയേയുണ്ടായിരുന്നുള്ളൂ. ആദ്യ വിക്കറ്റിൽ തന്നെ 84 റൺസ് ചേർത്തിരുന്നു. എന്നാൽ കിഷൻ മടങ്ങിയതിന് പിന്നാലെ കോഹ്‌ലിയും(8) റിഷബ് പന്തും(11) അടുത്ത് അടുത്ത് പുറത്തായത് ആശങ്ക പടർത്തിയെങ്കിലും സൂര്യകുമാർ യാദവും(34) ദീപക് ഹൂഡയും(26) ചേർന്ന് കാര്യമായ പരിക്കുകളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ, വെസ്റ്റ്ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു വിൻഡീസിന്റെ തുടക്കം. ഒരു ഘട്ടത്തിൽ 79ന് ഏഴ് എന്ന ദയനീയ നിലയിലായിരുന്നു വിൻഡീസ്. സിറാജ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നർമാരായ യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടൺ സുന്ദറും കൂടി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ചഹൽ നാല് വിക്കറ്റ് നേടിയപ്പോൾ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 57 റൺസെടുത്ത ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഫാബിയൻ അലൻ 29 റൺസ് നേടി പിന്തുണകൊടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 78 റൺസിന്റെ കൂട്ടുകെട്ടാണ് വിൻഡീസിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നുവെങ്കിൽ വിൻഡീസ് സ്‌കോർ 100ൽ ഒതുങ്ങിയേനെ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആയിരാമത്തെ ഏകദിന മത്സരവുമാണിത്. രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഇന്ത്യന്‍ ഇലവനില്‍ ഉള്‍പ്പെടുത്തി.
Post a Comment