തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നവീകരണ പ്രവൃത്തിയുടെ വാർത്ത ഇതിനോടകംതന്നെ വാർത്താമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അഞ്ചുവർഷം മുമ്പാണ് അന്നത്തെ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും മീൻ കുളവും നിർമ്മിച്ചത്.
രണ്ടു വർഷമായി സ്കൂൾ ഭാഗികമായി അടഞ്ഞു കിടന്നത് കാരണം സ്കൂളിലെ ഉദ്യാനം കാടുമൂടി കിടക്കുകയും മീൻകുളം തകർച്ചയുടെ വക്കിലുമായിരുന്നു. ഇതിനെ എങ്ങനെ പുനർനിർമ്മിച്ച് എടുക്കാം എന്ന ചർച്ചയിൽ നിന്നാണ് സ്കൂളിലെ അധ്യാപകനായ മനോഷ് മാഷ് മീൻ കുളം പെയിന്റ് അടിച്ച് വളരെ ആകർഷകമായ രൂപത്തിലാക്കി മാറ്റുന്ന ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് മാഷ് പിന്തുണയുമായെത്തി. പിന്നീട് സ്കൂളിലെ ഓരോ അധ്യാപകരും തങ്ങളാൽ ആവുന്ന സഹായവുമായി മുന്നോട്ടു വന്നപ്പോൾ സ്കൂളിൽ വളരെ ആകർഷകമായ മീൻ കുളം തയ്യാറായി. മനോഷ്,അജി, പ്രദീപ്, സുഭാഷ്, അലൻ തോമസ്, ജിവാഷ്, നൗഷാദ്, ശാഹുൽ ഹമീദ് തുടങ്ങിയ അധ്യാപകരാണ് പ്രവൃത്തിക്ക് നേതൃത്വം നൽകിയത്
ജൈവവൈവിധ്യ ഉദ്യാനം നവീകരിക്കുന്നതിന് വേണ്ടി അധികാരികളിൽ നിന്നും ഇതുവരെ സാമ്പത്തിക സഹായം ലഭ്യമാവാത്ത സാഹചര്യത്തിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് ചേർന്ന് പാർക്കിൽ കൂടുതൽ ഔഷധസസ്യങ്ങളും ചെടികളും നട്ടു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴുള്ളത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളും നാട്ടിലെ സന്നദ്ധപ്രവർത്തകരും ക്ലബ്ബുകളും പാർക്കിലേക്ക് ആവശ്യമായ ഔഷധസസ്യങ്ങളും ചെടികളും മറ്റ് ആവശ്യമായ സഹായങ്ങളും ചെയ്തു തരുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ ഉള്ളത്.
Post a Comment