പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ ബസ് വഴിയിൽ പണിമുടക്കി : പൊല്ലാപ്പിലായി പോലീസ്

സിൽവർ ലൈനിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ പൊലീസ് ബസ് വഴിയിൽ പണിമുടക്കി. ഇതോടെ ഡീസൽ അടിക്കാൻ പോലും പൈസയില്ലേയെന്ന് പരിഹസിച്ചുകൊണ്ട് പ്രവർത്തകർ തന്നെ ബസ് തള്ളിനീക്കി പ്രതിഷേധിച്ചു.




ഡീസലടിക്കാനായി പ്രതീകാത്മകമായി ബക്കറ്റ് പിരിവും നടത്തി. തുടർന്ന് മറ്റൊരു ബസെത്തിച്ചാണ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം മൂലമാണ് റോഡ് ഗതാഗതം തടസപ്പെട്ടതെങ്കിൽ, ഇപ്പോൾ പൊലീസ് ബസ് നിന്നുപോയതോടെ കോഴിക്കോട് വയനാട് റോഡിൽ ഗതാഗത തടസമുണ്ടാവുകയായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബസ് പണിമുടക്കിയത്. നേരത്തേ സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ഗ്രനേഡ് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുകയും ചെയ്തത്. ഈ ബസ് വഴിയിൽ പണിമുടക്കിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡീസലടിക്കാൻ പണം വേണോ എന്നുള്ള തരത്തിൽ പൊലീസിനെതിരെ പരിഹാസവുമായെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris