ല
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോഴും പദ്ധതി പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടമുണ്ടാക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണംചെയ്ത് നവകേരള സൃഷ്ടി ലക്ഷ്യമാക്കിയാണ് 2022-23 വർഷത്തെ ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
118.16 കോടി രൂപയാണ് ജില്ലാ പഞ്ചായത്തിന്റെ 2022-23 വർഷത്തെ പ്രതീക്ഷിത വരുമാനം. തരിശുരഹിത ജില്ല പദ്ധതിയിലുൾപ്പെടുത്തി കാർഷിക മേഖലയ്ക്ക് 6.45 കോടിരൂപ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്ക് 32 ലക്ഷം രൂപയും ക്ഷീരവികസത്തിന് 3.25 കോടിരൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 5.07 കോടിരൂപയും വകയിരുത്തി.
വ്യവസായ മേഖലയ്ക്ക് 3.25 കോടിരൂപയും സൗരോർജ പദ്ധതികൾക്ക് ഒരുകോടി രൂപയും ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും പരിസ്ഥിതി-മണ്ണ്-ജല സംരക്ഷണത്തിനായി 3.9 കോടി രൂപയും വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് 5.25 കോടി, യുവജന ക്ഷമത്തിന് 7 ലക്ഷം, കായിക മേഖലയ്ക്ക് 25 ലക്ഷം, സാംസ്‌കാരിക മേഖലയ്ക്ക് 30 ലക്ഷം രൂപയും വിലയിരുത്തി.
വിവിധ ആരോഗ്യ പദ്ധതികൾക്കായി 20 കോടി രൂപയും കുടിവെള്ള പദ്ധതികൾക്ക് 9.22 കോടിയും ശുചിത്വ പദ്ധതിക്കായി 4.28 കോടി രൂപയും വിലയിരുത്തി. ലൈഫ് ഭവനപദ്ധതിക്ക് 10 കോടിരൂപയും അതിദാരിദ്ര്യ നിർമാർജനത്തിന് 50 ലക്ഷംരൂപയും വകയിരുത്തി. വയോജന ക്ഷേമത്തിനായി 2.5 കോടിയും വനിതാ-ശിശു വികസനത്തിനായി 5.79 കോടി രൂപയും വകയിരുത്തി.
ടൂറിസം പ്രോത്സാഹനത്തിനായി 5 ലക്ഷം, ഇ-ഓഫീസ് സംവിധാനം നടപ്പാക്കാൻ 25 ലക്ഷംരൂപയും വകയിരുത്തി. പട്ടികജാതി ക്ഷേമത്തിനായി 12.74 കോടി, പട്ടികവർഗ്ഗ വിഭാഗത്തിനായി 82.38 ലക്ഷംരൂപയും വകയിരുത്തി. പൊതുമരാമത്തിന് 12.76 കോടിരൂപയും ആസ്തിവികസനത്തിന് 11.59 കോടിരൂപയും വകയിരുത്തി.
2021-22 വർഷത്തെ പരിഷ്‌കരിച്ച ബജറ്റും ഇതോടൊപ്പം അവതരിപ്പിച്ചു. പോയവർഷത്തെ ആകെ വരവ് 162.63 കോടിരൂപയും ചെലവ് 147 കോടിരൂപയുമാണ്. 2022-23 വർഷം 129.96 കോടിരൂപയാണ് പ്രതീക്ഷിത ചെലവ്. 15.62 കോടി രൂപയാണ് നിലവിൽ നീക്കിയിരുപ്പ്.
ജില്ലാ പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ജില്ലയെ ശിശു സൗഹൃദമാക്കുമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേകം ഊന്നൽ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. മുക്കം മുഹമ്മദ്, സുരേഷ് മാസ്റ്റർ, രാജീവ് പെരുമൺ പുറ, നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വ. പി. ഗവാസ്, പി.പി.പ്രേമ, സി.എം.യശോദ, ധനീഷ് ലാൽ, സി.വി.എം. നജ്മ, അംബിക മംഗലത്ത്, കെ.പി. ചന്ദ്രി, ഗോപാലൻ നായർ ,ബോസ് ജേക്കബ്, ഷറഫുന്നീസ ടീച്ചർ, ദുൽഖി ഫിൽ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
ക്ഷേമകാര്യസമിതി ചെയർമാൻ പി. സുരേന്ദ്രൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻഎം വിമല, വികസനകാര്യസമിതി ചെയർപേഴ്സൺ വി.പി. ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി
Post a Comment