കോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ വിജയ ശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി കോഴിക്കോട്. 87.79 ആണ് ജില്ലയിലെ വിജയശതമാനം. വിജയശതമാനത്തിൽ റെക്കോർഡ് രേഖപ്പെടുത്തപ്പെട്ട കഴിഞ്ഞ വർഷം 90.25 ശതമാനമാണ് നേടിയിരുന്നതെങ്കിലും ജില്ല സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ 2020ൽ നേടിയ 86.22 ശതമാനത്തെ ഇത്തവണ മറികടക്കുകയും ചെയ്തു. സംസ്ഥാന ശരാശരിയേക്കാൾ നാലുശതമാനത്തോളം കൂടുതലാണ് ഇത്തവണ ജില്ലയുടെ വിജയശതമാനം.
ജില്ലയിൽ 176 വിദ്യാലയങ്ങളിൽ നിന്നായി പരീക്ഷയെഴുതിയ 36,696 വിദ്യാർഥികളിൽ 32,214 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 3,198 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ടെക്‌നിക്കൽ സ്‌കൂളുകളിൽ 70 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 87 പേരിൽ 61 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 49.74 ശതമാനമാണ് വിജയം. 6,464 വിദ്യാർഥികളിൽ 3,215 പേർക്കാണ് ഉപരിപഠന യോഗ്യത നേടാനായത്. 93 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്.
നൂറു ശതമാനം വിജയം നേടിയ ഏഴു സ്കൂളുകളാണ് ഇത്തവണ ജില്ലയിലുള്ളത്. സിഎം എച്ച്എസ്എസ് മണ്ണൂർ നോർത്ത്(180), കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം എച്ച് എസ്‌എസ് (179 കുട്ടികൾ), കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്(176), വാണിമേൽ ക്രസന്റ് എച്ച്എസ്എസ് (119), നെല്ലിക്കോട് ചിന്മയ വിദ്യാലയം (47), എരഞ്ഞിപ്പാലം കരുണ സ്‌പീച്ച് ആൻഡ് ഹിയറിങ് സ്‌കൂൾ(22), സിൽവർ ഹിൽസ് എച്ച്എസ്എസ് (96)എന്നിവരാണ് നൂറുശതമാനം വിജയം നേടിയത്.
വിഎച്ച്എസ്‌സി: 81.65% വിജയം
കോഴിക്കോട്∙ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ ജില്ല 81.65 ശതമാനം വിജയം നേടി.ആകെ 2577 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2104 പേർ ഉപരിപഠനത്തിനുള്ള യോഗ്യത നേടി. കഴിഞ്ഞ വർഷം 82.5 ആയിരുന്നു വിജയശതമാനം. സംസ്ഥാനത്തൊട്ടാകെ നൂറു ശതമാനം വിജയം നേടിയത് 15 സ്കൂളുകളാണ്. ഇതിൽ ജില്ലയിൽ റഹ്മാനിയ വിഎച്ച്എസ്എസ് ഫോർ ഹാൻഡികാപ്ഡ് നൂറു ശതമാനം വിജയം നേടി.
Post a Comment