കിടപ്പുരോഗികളെയും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് മാസം 600 രൂപ ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ ജില്ലയിലെ 13,000ത്തോളം ഗുണഭോക്താക്കൾക്ക് ഒന്നര വർഷത്തിലധികമായി തുക ലഭിക്കുന്നില്ല. 2020 ആഗസ്റ്റ് വരെയുള്ള ധനസഹായമാണ് ഇതുവരെ ലഭിച്ചത്
ശയ്യാവലംബർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യമുള്ളവർ, മാനസിക രോഗികൾ, നൂറ് ശതമാനം അന്ധത ബാധിച്ചവർ, പ്രായാധിക്യം കൊണ്ടും ക്യാൻസർ മുതലായ ഗുരുതര രോഗങ്ങളാലും കിടപ്പിലായവർ, ദൈനംദിനകാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ളവർ എന്നിവരുടെ പരിചാരകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മുഴുവൻ സമയവും പരിചരണം ആവശ്യമായതിനാൽ മറ്റ് ജോലികൾക്ക് പോവാൻ ഇവർക്ക് കഴിയില്ല. നിർധന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമേകിയിരുന്ന പദ്ധതിയാണിത്. അനുവദിക്കുന്ന ധനസഹായം മിക്കവരും രോഗികളുടെ മരുന്ന് അടക്കമുള്ള ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് ആകെ 92,412 പേരാണ് ധനസഹായം വാങ്ങുന്നത്.
നേരത്തെ പദ്ധതിയിലേക്ക് ബുദ്ധിമാന്ദ്യം, ശയ്യാവലംബർ, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക രോഗികൾ എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് പദ്ധതി ക്യാൻസർ രോഗികളിലേക്ക് അടക്കം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. ഏറെ ഗുണകരമായ തീരുമാനമായിരുന്നു ഇതെങ്കിലും പദ്ധതിക്കുള്ള ബഡ്ജറ്റ് വിഹിതം ഇതിന് ആനുപാധികമായി വർദ്ധിപ്പിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 40 കോടിയിൽ ഇതിനകം 32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നിട്ടും 2020 ആഗസ്റ്റ് മുതലുള്ള തുക കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 42.5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. ഈ തുക വൈകാതെ വിതരണം ചെയ്യുമെന്നാണ് സാമൂഹ്യ സുരക്ഷാ മിഷൻ അധികൃതർ പറയുന്നത്. ബഡ്ജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക പദ്ധതിക്ക് ആവശ്യമായി വരുന്ന സാഹചര്യത്തിൽ അധിക തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു
അതേ സമയം 2019 മാർച്ചിന് ശേഷം പുതുതായി നൽകിയ ആയിരത്തിലധികം അപേക്ഷകൾ ഇതുവരെ പരിഗണിച്ചിട്ടില്ല. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെങ്കിലും പഴയ അപേക്ഷകൾ തന്നെ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. 2010ൽ തുടക്കമിട്ട പദ്ധതിയിൽ ആദ്യം നൽകിയിരുന്നത് 250 രൂപയായിരുന്നു. നിലവിൽ 600 രൂപയാണ് ലഭിക്കുന്നത്. ഈ വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്നുണ്ട്
Post a Comment