മുക്കം: രണ്ടാഴ്ചയായി തുടരുന്ന കനത്ത മഴയിൽ വെള്ളം കയറി കൊടിയത്തൂരിൽ വൻ കൃഷി നാശം.ചെറുവാടി മേഖലയിലാണ് വലിയ തോതിൽ കൃഷി നാശമുണ്ടായത്. നിരവധി കർഷകരുടെ 35,000ത്തിലധികം വാഴകൾ വെള്ളം കയറി നശിച്ചതായാണ് പ്രാഥമിക കണക്ക്. 12 ഹെക്ടറിലധികം സ്ഥലത്തെ കൃഷിയാണ് നശിച്ചത് .ഇതുമൂലം 35 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ കർഷകർ ഗീത അലക്സാണ്ടറുടെ നേതൃത്വത്തിൽ കൃഷി നശിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.
ചുള്ളിക്കാപറമ്പ്, തെനേങ്ങ പറമ്പ്, കണ്ടങ്ങൽ, കാരക്കുറ്റി പ്രദേശങ്ങളാണ് സന്ദർശിച്ചത്. വലിയ നഷ്ടമാണ് ഉണ്ടായതെന്നും കർഷകർ തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്യാൻ തയ്യാറാവണമെന്നും അവർ പറഞ്ഞു. ഇൻഷുർ ചെയ്ത വാഴക്ക് 300 രൂപയും ചെയ്യാത്തതിന് 150 രൂപയുമാണ് നഷ്ടപരിഹാരം ലഭിക്കുക.ഇൻഷുറൻസ് തുക സമയബന്ധിതമായി ലഭിക്കുമെന്നും
ഫസൽ ഭീമ യോജന പദ്ധതിയിലും കർഷകർ അപേക്ഷിക്കണമെന്നും അവർ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ദിവ്യ ഷിബു, മെമ്പർമാരായ കെ.ജി സീനത്ത്, ഫാത്തിമ നാസർ, കരീം പഴങ്കൽ,
കൃഷി ഓഫിസർ കെ.ടി. ഫെബിദ, അസിസ്റ്റന്റ് നഷീദ എം എസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment