മുംബൈ : ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ രൂപ. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ടു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, എങ്കിലും 80 തൊട്ടിരുന്നില്ല. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന് 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.
ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു.
ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ജൂണിൽ റെക്കോർഡിട്ടുകൊണ്ട് 26.18 ബില്യൺ ഡോളറായി ഉയർന്നു. മേയിൽ വ്യാപാരക്കമ്മി 24.3 ബില്യൺ ഡോളറായിരുന്നു. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന. യുഎസ് ഫെഡ് നിരക്കുകൾ വർധിപ്പിക്കുമെന്നും ഇത് രൂപയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇടിയാൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 180.14 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 54341.01ലും നിഫ്റ്റി 51.60 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 16226.90ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഓഹരി സൂചികകളിൽ മുന്നേറ്റം ഉണ്ടായിരുന്നു.
Post a Comment