ന്യൂഡൽഹി: മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നടൻ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തിൽ നിന്ന് പി.ടി. ഉഷയെ രാജ്യസഭാംഗമാക്കുന്നത്. തിങ്കളാഴ്ച ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ടി ഉഷയെ ബി.ജെ.പി എം.പി മനോജ് തിവാരി സ്വീകരിച്ചു.
ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കല മെഡൽ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റ് ആണ് പി.ടി. ഉഷ. 14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ മറ്റൊരു അത്ലറ്റ് രാജ്യത്തില്ല. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.
പി.ടി. ഉഷയെ കൂടാതെ സംഗീത സംവിധായകൻ ഇളയരാജ, ബാഹുബലി സിനിമ ചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ എന്നിവരെയാണ് കേന്ദ്ര സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
തെന്നിന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിർവാഹകസമിതി ഹൈദരാബാദിൽ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യൻ പ്രതിഭകളെ മോദി സർക്കാർ നോമിനേറ്റഡ് അംഗങ്ങളുടെ ക്വോട്ടയിൽ രാജ്യസഭയിലേക്ക് കൊണ്ടു വന്നത്.
Post a Comment