പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ചു ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വിലകൂടും.
സപ്ലൈകോ അവശ്യവസ്തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉത്പന്നങ്ങൾക്ക് ബാധകമാകും. അരിക്കും പയറിനുമെല്ലാം ഇതു ബാധകമാകും.
ജി.എസ്.ടി. ഭാരംകൂടി സർക്കാർ ഏറ്റെടുത്ത് വിൽപ്പന തുടരുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തുക. വില കൂട്ടാതിരിക്കാനുള്ള ഇടപെടലുകൾക്ക് സർക്കാർ ശ്രമിക്കുന്നുണ്ട്.
2016-നുശേഷം 13 ഉത്പന്നങ്ങളുടെയും വില കൂട്ടിയിരുന്നില്ല.
ഓണം അടുത്തിരിക്കെ ജി.എസ്.ടി. ഏൽപ്പിക്കുന്ന ഭാരം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.
വിലകുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണ് സപ്ലൈകോ.
Post a Comment