തിരുവമ്പാടി : പ്രാദേശിക സർക്കാരുകളുടെ ഫണ്ടും അധികാരങ്ങളും കവരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ തിരുവമ്പാടി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ടി ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
വികേന്ദ്രീകരണാസൂത്രണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും 25 വർഷം ആഘോഷിക്കുന്ന ഘട്ടത്തിൽ ത്രിതല പഞ്ചായത്തുകൾക്ക് നൽകിയ അധികാരങ്ങൾ ഒരോന്നായി തിരിച്ച് പിടിക്കുകയും ഫണ്ട് വെട്ടി കുറക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ നടപടി തിരുത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ഡി സി സി ജന.സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പ് യോഗം , ഗ്രാമസഭകൾ, വികസന സെമിനാർ , ആസൂത്രണ സമിതി, സ്റ്റാന്റിംഗ് കമ്മിറ്റികൾ,ഭരണ സമിതി തുടങ്ങിയ ആസൂത്രണ പ്രക്രിയകളുടെ ഭാഗമായുള്ള നടപടികൾ പൂർത്തീകരിച്ച് അന്തിമമാക്കിയ പദ്ധതിയുടെ ഫണ്ട് വെട്ടി കുറച്ചതോടെ 2022 - 23 വാർഷിക പദ്ധതി പ്രവർത്തനം നിലച്ചിരിക്കുകയാണ്. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പ്രവ്യത്തിക്ക് ബജറ്റിൽ വകയിരുത്തിയ 5.14 കോടിയിൽ 3.74 കോടി രൂപയാണ് ഇപ്പോൾ വെട്ടി കുറച്ചത്. ഇതോടെ വാർഡുകളിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് വകയിരുത്തിയ ഫണ്ടുകൾ നാലിൽ ഒന്നായി ചുരുങ്ങും.
പൊതു വിഭാഗം വികസന ഫണ്ടിലും പട്ടികജാതി-പട്ടിക വർഗ്ഗ വികസന ഫണ്ടിലും നേരെത്തെ കുറവു വരുത്തിയിരുന്നു.
ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിലായിരുന്ന ഭവന പദ്ധതി പ്രവത്തനം ലൈഫ് പദ്ധതി വന്നതോടെ സർക്കാർ തിരിച്ച് പിടിക്കുകയും പദ്ധതിയുടെ ഗുണഭോക്താക്കളെ ഗ്രാമസഭയും ഭരണ സമിതിയും കണ്ടെത്തുന്ന ജനകീയ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്തിന്റെ സേവനങ്ങൾ താഴെ തട്ടിലുള്ള ജനങ്ങളിലേക്ക് കൊണ്ടുവരാൻ നടപ്പാക്കിയ ഗ്രാമ കേന്ദ്രങ്ങൾ എന്ന ആശയത്തിന് തുരങ്കം വെച്ചതും ഇടതു പക്ഷമാണ്. അധികാര വികേന്ദ്രീകരണത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട ഘട്ടത്തിൽ കൂടുതൽ അധികാരങ്ങൾ പ്രാദേശിക സർക്കാറുകൾക്ക് നൽകാൻ തീരുമാനമെടുക്കേണ്ട സർക്കാർ നിലവിൽ നൽകിയ അധികാരങ്ങൾ തിരിച്ച് പിടിക്കുന്നത് അധികാര വികേന്ദ്രികരണത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ , മുസ്ലി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സാഫിർ ദാരിമി, ഹനീഫ ആച്ച പറമ്പിൽ , ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ബിജു എണ്ണാർമണ്ണിൽ, രാജു അമ്പലത്തിങ്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ, മഞ്ജു ഷിബിൻ,ബിന്ദു ജോൺസൻ , ലിസി സണ്ണി, ഷൈനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.
Post a Comment