കോഴിക്കോട്: ജി.എസ്.ടിയിലെ മാറ്റം പലചരക്ക് സാധാനങ്ങളുടെ വില ഉയര്‍ത്തിയെങ്കിലും ആശ്വാസമായി ചിക്കന്‍ വില.
കഴിഞ്ഞയാഴ്ച 200 നടുത്ത് വിലയുണ്ടായിരുന്ന കോഴി ഇറച്ചി കിലോയ്ക്ക് 150 ആയി കുറഞ്ഞു. കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ 136 രൂപയായി. കോഴിക്ക് 89 രൂപയാണ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ വില. ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലകുറയാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
മഴ ആയതിനാല്‍ കല്യാണവും മറ്റ് ആഘോഷങ്ങളും കുറഞ്ഞതും ചിക്കന്‍ വില ഇടിയാന്‍ കാരണമായി. ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. മീന്‍ വില കുറഞ്ഞതോടെ ചിക്കനും വില കുറച്ച് വില്‍ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. കോഴികള്‍ക്ക് അസുഖം വന്നാല്‍ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഫാമുകള്‍ വേഗത്തില്‍ വിറ്റൊഴിവാക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചിക്കന് 250 രൂപ വരെ വില വര്‍ദ്ധിച്ചിരുന്നു. അതേസമയം വില വലിയ തോതില്‍ കുറയുന്നത് തിരിച്ചടിയാണെന്ന് ഫാം നടത്തിപ്പുകാര്‍ പറയുന്നു. തീറ്റയും മറ്റു ചെലവുകളും കണക്കിലെടുത്താല്‍ വിപണിയില്‍ ഒറ്റയടിക്കുണ്ടാകുന്ന വില മാറ്റം പ്രതിസന്ധി യുണ്ടാക്കുമെന്ന് അവര്‍ പറയുന്നു.
ചിക്കന്‍ വില കുറഞ്ഞു , ചിക്കന്‍ വിഭവങ്ങള്‍ക്കോ?
ചിക്കന് വില വലിയ തോതില്‍ കുറയുമ്ബോഴും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങളുടെ വില മുകളില്‍ തന്നെയാണ്. ചിക്കന്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് വിഭവങ്ങളുടെ വിലയില്‍ മാറ്റം വരുത്താറില്ലെന്നാണ് ഹോട്ടലുകളുടെ ന്യായം. ഗ്യാസിനും പലചരക്ക് സാധനങ്ങള്‍ക്കുമെല്ലാം വില വര്‍ദ്ധിച്ചതും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഹോട്ടല്‍ വിഭവങ്ങളുടെ വിലയില്‍ നിയന്ത്രണം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഓണത്തിന് മുമ്ബുള്ള പതുങ്ങലോ ?
ഓണക്കാലത്തുണ്ടാകാന്‍ ഇടയുള്ള വിലക്കയറ്റത്തിന് മുമ്ബുള്ള കുറവാണോ ഇപ്പോഴുള്ളതെന്ന സംശയം നിലനില്‍ക്കുന്നു. പ്രാദേശികമായി സംസ്ഥാനത്ത് ഫാമുകള്‍ സജീവമായതോടെ അന്യസംസ്ഥാന മൊത്ത കച്ചവടക്കാരുടെ കൊള്ള കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. വില കുറച്ചും കൂട്ടിയും സംസ്ഥാനത്തെ സംരംഭങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇത്തരം മൊത്തക്കച്ചവടക്കാരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
Post a Comment