മുക്കം: ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ചാലിയാർ ഇരുവഴിഞ്ഞി തീരങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിഖ്
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ടൂറിസ സാധ്യതകൾ സമഗ്ര വിശകലനത്തിന് വിധേയമാക്കികൊണ്ട് തയാറാക്കിയ പദ്ധതി നടപ്പാക്കാൻ സഹായമാവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിലും പദ്ധതി നടപ്പാക്കാനാവശ്യമായ നടപടിയും സഹായവുമാവശ്യപ്പെട്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിവേദനം നൽകി.
കേരള ടൂറിസം പ്രൊമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ പഞ്ചായത്തിൽ ഏറ്റവും അനുയോജ്യമായവ റിവർ ടൂറിസവും ഉത്തരവാദിത്വ ടൂറിസവുമാണ്. പഞ്ചായത്തിൽ ഒന്നിലധികം ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോയിന്റുകൾ ഉണ്ടെങ്കിലും ചാലിയാർ കേന്ദ്രീകരിച്ച് ചെറുവാടി തീരവും ഇരുവഴിഞ്ഞികേന്ദ്രീകരിച്ച് ബി.പി മൊയ്തീൻ്റെ സ്മരണകളുറങ്ങുന്ന തെയ്യത്തും കടവ് കോന്ദ്രീകരിച്ചുള്ള പദ്ധതിയുമാണ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്.
ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ധാരാളം തീരങ്ങളും പൊതു സ്ഥലങ്ങളുമുള്ളത് കൊണ്ട് സ്ട്രിപ്പ് വാലി പ്രൊജക്റ്റുകൾ ചെറുവാടി ഡെസ്റ്റിനേഷനിൽ ഏറെ ആകർഷനീയമാകും. ഇന്ത്യയിൽ ലഭ്യമായ നൂറിലധികം വർഗങ്ങളിലുള്ള മുളകളിൽ സാധ്യമാകുന്ന അത്ര സ്പീഷീസുകൾ പുഴകരകളിൽ വെച്ചു പിടിപ്പിച്ചാൽ പ്രകൃതി രമണീയ ദൃശ്യം ഒരുക്കുവാൻ സാധിക്കും. കണ്ടൽ കാടുകൾ ഒരുക്കുവാനും സാധിക്കും. ഈ പ്രവർത്തനം പത്ത് കിലോമീറ്റർ ദൂരത്തിൽ നടപ്പിലാക്കുവാൻ സാധിക്കുന്ന പ്രദേശങ്ങൾ ഇരുവഴിഞ്ഞി, ചാലിയാർ തീരങ്ങളിൽ ഇപ്പോൾ തന്നെയുണ്ട്. ബാംബൂ വാലി യാഥാർത്യമായാൽ അതിൽ തന്നെ ഹട്ടുകൾ ചെയ്യുന്നതും ഫുഡ് കോർട്ട് ഒരുക്കുന്നതുമെല്ലാം സഞ്ചാരികൾക്ക് ഏറെ ആസ്വാദകരമാവും. ഗ്രാമീണ ഭക്ഷണം ഒരുക്കി നൽകി ഗ്രാമീണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം കൂടുതൽ സഞ്ചാരികളെ ആകർശിക്കുന്നതിനും സാധ്യമാകും.
ചെറുവടിയിലെ സ്വാതന്ത്ര്യ സമര ചരിത്രം പറയുന്ന ചെറുവാടി പുതിയോത്ത് പള്ളി, പറയങ്ങാട്ട് ക്ഷേത്രം, തൃക്കളയൂർ മഹാ ദേവ ക്ഷേത്രം, കൊടിയത്തൂർ ജുമാ മസ്ജിദ്, കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം പോലുള്ള ഗ്രാമീണ ഉത്സവങ്ങളും ആരാധനാലയങ്ങളുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സഞ്ചാരികൾക്ക് ഗ്രാമാനുഭവങ്ങൾ പങ്ക് വെക്കുന്നതിന് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ യൂനിറ്റുകൾ, പനമ്പ് നെയ്‌ത്തുകൾ എന്നിവയും ഒരുക്കും. ബോട്ടിങ്ങും കയക്കിങ് രീതിയും ഹൗസ് ബോട്ട് സംവിധാനവും ഉപയോഗപ്പെടുത്താം. അക്കോ സ്പോർട്സിന് ഏറെ അനുയോജ്യമായ സ്ഥലമാണ് ചെറുവാടി. ചെറുവാടിയിൽ ഗാലറി സജീകരിച്ചാൽ ജലവുമായി ബന്ധപ്പെട്ട ഒട്ടനവധി കായിക വിനോദങ്ങൾ ഇവിടെ വെച്ച് നടത്തുവാൻ സാധിക്കും. പ്രായം ചെന്നവർക്കുള്ള ശാരീരിക വ്യായാമം കുട്ടികൾക്കുള്ള നീന്തൽ പരിശീലനങ്ങൾ ഉൾപ്പെടെ കൂടുതൽ പരിപാടികൾ ഇവിടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ സാധിക്കും.
വാട്ടർ സ്കൂട്ടർ, ജെറ്റ്സ്‌കി പോലുള്ള വിനോദങ്ങളും ഇതിൽ ഉൾപ്പെടുത്താനാവും. ഒരു കിലോമീറ്റർ ദൂരത്തിൽ വിശാലമായ പുഴക്കര ഉപയോഗപ്പെടുത്തി റിക്രിയേഷൻ സെന്ററുകൾ നടപ്പിലാക്കാം. ഫുഡ് കോർട്ടുകൾ ഇവിടെ കൂടുതൽ സാധ്യത നിറഞ്ഞതാണ്. പൊതു കൂടിച്ചേരലുകൾ, കലാ പരിപാടികൾ എന്നിവക്ക് വേണ്ടി ജലത്തിൽ ഒഴുകുന്ന ഫ്ലോട്ടിങ് അറീന സജീകരിക്കാം. തെയ്യത്തുംകടവിലും ചെറുവാടി തീരാത്തുമെല്ലാം ചിൽഡ്രൻസ് പാർക്കുകൾക്ക് അനുയോജ്യമായ സ്ഥലം ഉള്ളത് കൊണ്ട് പാർക്കുകൾ സജീകരിച്ചാൽ ബോട്ട് യാത്രകളും പാർക്കിലെ വിനോദങ്ങളും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആനന്ദം നിറയുന്ന പരിപാടികളായി മാറ്റപ്പെടും.മന്ത്രി മുഹമ്മദ് റിയാസിനുള്ള നിവേദകസംഘത്തിൽ ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത് എന്നിവരും ഉണ്ടായിരുന്നു
Post a Comment