വ്യാപാര മേഖലയിലെ പ്രതിസന്ധി: ചെറുകിട കച്ചവടക്കാർ സമരത്തിനൊരുങ്ങുന്നു


 കോഴിക്കോട് : നിത്യോപയോഗ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ നികുതി ചെറുകിടവ്യാപാരമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കിട നൽകുമെന്ന് വ്യാപാരി വ്യവസായിസമിതി യോഗം ചൂണ്ടിക്കാട്ടി.




വ്യാപാരമേഖലയെ തകർക്കുന്ന ഇത്തരം നിയമങ്ങൾ തിരുത്തുന്നതിനുവേണ്ടി പ്രതിഷേധസമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സംഘടനയുടെ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

കോവിഡിനെത്തുടർന്നുള്ള തുടർച്ചയായ അടച്ചുപൂട്ടലും വ്യാപാരമാന്ദ്യവും കാരണം തകർന്ന വ്യാപാരമേഖലയ്ക്ക്‌ ജി.എസ്.ടി. വകുപ്പിന്റെ നീക്കങ്ങൾ അധികഭാരമാവുകയാണ്. പ്ലാസ്റ്റിക് നിരോധനവും തുടർന്നുള്ള കടപരിശോധനയും പിഴ ഈടാക്കലും വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ടിവരുന്ന കവറുകൾക്ക് പകരമായി ഉപയോഗിക്കാൻ പറ്റുന്ന ബദൽസംവിധാനം കമ്പോളത്തിൽ ഇല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരം നിരോധനങ്ങൾ വ്യാപാരമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.

24-ന് പേരാമ്പ്രയിലെ വി.വി. ദക്ഷിണാമൂർത്തി സ്മാരക ടൗൺഹാളിൽ ശില്പശാല സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.

അംഗങ്ങളെ സഹായിക്കുന്നതിനുവേണ്ടി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരിമിത്ര സുരക്ഷാപദ്ധതിസമിതി സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനംചെയ്യും. ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ സൂര്യ അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ് കോയ, സി.കെ. വിജയൻ, ടി. മരക്കാർ, കെ.എം. റഫീക്ക്, ഡി.എം. ശശീന്ദ്രൻ, സന്തോഷ് സെബാസ്റ്റ്യൻ, അബ്ദുൽഗഫൂർ രാജധാനി എന്നിവർ സംസാരിച്ചു.
 


Post a Comment

Previous Post Next Post
Paris
Paris