തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിലെ ജാതി കോളം പൂരിപ്പിക്കുന്നതിൽ സംഭവിച്ച സാങ്കേതിക പിഴവു നിമിത്തം ഇക്കൊല്ലം സംസ്ഥാനത്ത് ഈഴവ വിഭാഗത്തിൽപ്പെട്ട അയ്യായിരത്തിലേറെ കുട്ടികൾ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ ആദ്യ അലോട്ട്മെന്റിൽ നിന്ന് പുറത്തായി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരാണ് പലരും.
ജാതി കോളത്തിലെ ഈഴവ /തീയ/ ബില്ലവ എന്ന ഓപ്ഷൻ പൂരിപ്പിക്കുന്നതിലെ അജ്ഞതയും ശരിയായ മാർഗനിർദ്ദേശം ബന്ധപ്പെട്ട സ്കൂളിൽ നിന്നോ, ഹെൽപ്പ് ഡെസ്കിൽ നിന്നോ ലഭിക്കാത്തതുമാണ് വിനയായത്. വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിച്ച നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഒ.ബി.സി ഹിന്ദു എന്ന് മാത്രമാണ്. കമ്മ്യൂണിറ്റി കോളത്തിൽ ഈഴവ /തീയ/ ബില്ലവ എന്ന ഓപ്ഷൻ പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പൂരിപ്പിച്ചില്ലെന്നാണ് പിഴവ് സംഭവിച്ച പല കുട്ടികളും അവരുടെ രക്ഷിതാക്കളും പറയുന്നത്. ഇതോടെ,സംവരണ വിഭാഗത്തിലും പൊതുവിഭാഗത്തിലും ഈ കുട്ടികൾ പരിഗണിക്കപ്പെട്ടില്ല.
മലബാർ മേഖലയിൽ മാത്രം മൂവായിരത്തിലേറെ കുട്ടികൾ ആദ്യ അലോട്ട്മെന്റിൽ നിന്ന് പുറത്തായതായാണ് വിവരം. മറ്റ് പല ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.
സർക്കാർ അടിയന്തരമായി അപേക്ഷകളിലെ പിഴവ് തിരുത്താനുള്ള അവസരം നൽകണമെന്ന ആ വശ്യം ശക്തമാണ്. അല്ലാത്ത പക്ഷം, ആദ്യത്തെ രണ്ട് അലോട്ട്മെന്റുകളിൽ നിന്നു ഇവർ പുറത്താവും. പിന്നീടുള്ള സ്പോട്ട് അലോട്ട്മെന്റിൽ മാത്രമേ പുതിയ അപേക്ഷ സർപ്പിക്കാൻ കഴിയൂ. അപ്പോഴേക്കും പലർക്കും അർഹതപ്പെട്ട ഇഷ്ട വിഷയവും സ്കൂളും നഷ്ടമാവും.
സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈഴവ വിഭാഗത്തിന് അർഹതപ്പെട്ട ഒമ്പത് ശതമാനം സംവരണാനുകുല്യമാണ് അപേക്ഷയിലെ പിഴവ് നിമിത്തം നഷ്ടപ്പെടുന്നത്. അടുത്ത അലോട്ട്മെന്റിന് മുമ്പ് അപേക്ഷകളിൽ തിരുത്തൽ വരുത്തിയാൽ സംവരണമനുസരിച്ചു ള്ള അലോട്ട്മെന്റ് ലഭിക്കും. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിൽ പിന്നാക്ക സംവരണമില്ല.
Post a Comment