കോഴിക്കോട്: റോഡിലാകെ കുണ്ടും കുഴിയും, കൂടാതെ ദേശീയപാത നവീകരണവും. എന്നാലും സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് ഒട്ടും കുറവില്ല. ബെല്ലും ബ്രേക്കുമില്ലാതെ ബസുകളുടെ ഓട്ടത്തിൽ കുരുങ്ങുന്നതും പൊലിയുന്നതും മനുഷ്യ ജീവനുകൾ. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ പൊലിഞ്ഞത് 52 ജീവനുകൾ. അപകടങ്ങൾ 466. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തരം ഇടപെട്ടിട്ടും ബസുകളുടെ 'മിന്നൽ സവാരി'ക്ക് ഒരു അറുതിയുമില്ല.
അപകട നിരക്കിൽ മുന്നിൽ കോഴിക്കോട്- കണ്ണൂർ ദേശീയപാതയും കോഴിക്കോട്-കുറ്റ്യാടി റൂട്ടുമാണ്. സമയം ക്രമീകരിക്കാനുള്ള ബസുകളുടെ മത്സര ഓട്ടത്തിൽ നിയന്ത്രണം വിടുമ്പോൾ പൊലിയുന്നത് കൂടുതലും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും.
പൊലീസ് എത്ര കണ്ണുരുട്ടിയാലും തങ്ങൾക്ക് ഇങ്ങനയേ പറ്റൂ എന്ന നിലപാടിലാണ് സ്വകാര്യ ബസ് ഡ്രൈവർമാർ. സമയത്തിന് ഓടിയെത്തണം, കാണുന്നിടത്തെല്ലാം നിർത്തി യാത്രക്കാരെ കയറ്റണം, വേഗത കുറഞ്ഞാൽ ആളുകൾ കയറാത്ത സ്ഥിതി. ഇതെല്ലാം ചേരുമ്പോൾ തങ്ങളെന്താണ് ചെയ്യുകയെന്നാണ് ഡ്രൈവരുടെ ചോദ്യം.
പലപ്പോഴും ബസുകളുടെ മത്സര ഓട്ടവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഡോറില്ലാത്ത ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങൾക്കൊപ്പം അമിത വേഗതയും കൂടി ആയതോടെ ജീവൻ പണയംവെച്ചാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.
Post a Comment