ജീവിതശൈലി രോഗങ്ങള്‍ ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളി ; മന്ത്രി വീണാ ജോര്‍ജ്ജ്


ജീവതാളം പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി

കോഴിക്കോട് : ആരോഗ്യ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്നതാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതി 'ജീവതാളം' കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.




രോഗമുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും രോഗം ഇല്ലാത്തവര്‍ക്ക് അത് വരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം.ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 'ശൈലി ആപ്പ്' നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ആരോഗ്യ പരിചരണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയണം.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട രോഗനിര്‍ണയം നടത്തുകയും ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ജീവതാളം നടപ്പാക്കുകയും ചെയ്യും. അക്ഷരാര്‍ത്ഥത്തില്‍ ജീവിതതാളം തന്നെ നിര്‍ണയിക്കുന്ന ഒരു പരിപാടിയാണ് ജീവതാളം എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.ജീവതാളം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ഇതിന്റെ ഫലം കോഴിക്കോടിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജീവതാളം പരിപാടിക്ക് മുന്നിട്ടിറങ്ങിയ ആരോഗ്യവകുപ്പിനെയും തദ്ദേശ വകുപ്പിനെയും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ടീമുകളെയും പ്രത്യേകമായി മന്ത്രി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജില്ലാ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രഖ്യാപനവും മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികമായും മാനസികമായും വൈകാരികമായും പിന്തുണ ആവശ്യമാണ്. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുക, മികച്ച ഡോക്ടറുടെ സേവനം ഉറപ്പാക്കുക, ബോധവല്‍ക്കരണം നടത്തുക, ലഹരിയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ 2009 -ല്‍ തന്നെ സാന്ത്വനപരിചരണ നയം നടപ്പാക്കിയ സര്‍ക്കാരാണിത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടി പാലിയേറ്റീവ് കെയറിനെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 140 പഞ്ചായത്തുകളില്‍ ആണ് ഈ പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി.

കോഴിക്കോട് ജില്ലയിലെ ആര്‍.പി.എച്ച് ലാബിനായുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാ സ്ഥാപനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. 6.16 കോടി രൂപ വകയിരുത്തിയ കെട്ടിടമാണിത്. സംസ്ഥാനത്തിന് തന്നെ ഇതൊരു മാതൃക പദ്ധതി ആണെന്നും സമയബന്ധിതമായി കെട്ടിടങ്ങളുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.എസ് ആര്‍ വൈശാഖിനെ ജീവതാളം അംബാസിഡറായി മന്ത്രി പ്രഖ്യാപിച്ചു. ജീവതാള'ത്തെ കുറിച്ചുള്ള സെമിനാറും ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്നു.

കോഴിക്കോട് ജില്ലയില്‍ റവന്യൂ-ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യസേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ആരോഗ്യമേള പുരസ്‌കാര വിതരണം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
12 ബ്ലോക്കുകളിലും ജില്ലാതലത്തില്‍ ചെറുവണ്ണൂരിലുമാണ് ആരോഗ്യമേളകള്‍ സംഘടിപ്പിച്ചത്. പേരാമ്പ്ര,വടകര ബ്ലോക്കുകള്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച എക്സിബിഷന്‍ പുരസ്‌കാരത്തിന് ബാലുശ്ശേരി ബ്ലോക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.പന്തലായനി, കുന്നുമ്മല്‍, മേലടി ബ്ലോക്കുകള്‍ പ്രത്യേക പരാമര്‍ശം നേടി. മികച്ച രീതിയില്‍ ആരോഗ്യരംഗത്തെ പരിപോഷിപ്പിച്ച് ആരോഗ്യമേള വിജയിപ്പിച്ചവരെ മന്ത്രി അഭിനന്ദിച്ചു

എന്‍ ക്യൂ എ എസ് ആന്‍ഡ്  കായകല്പ് അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. ജില്ലയിലെ  ആരോഗ്യസ്ഥാപനങ്ങളിലെ വൃത്തി, പരിസര ശുചിത്വം, ഭൗതീക സാഹചര്യങ്ങള്‍ , രോഗീ പരിചരണം , ബോധവല്‍ക്കരണം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്‌കരണം എന്നീ ഘടകങ്ങള്‍ മുന്‍കൂടി നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രകാരം പരിശോധനകളിലൂടെയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ ക്യൂ എ എസ് അക്രിഡേറ്റേഷന്‍ ലഭിക്കുന്നത് . സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വം, പരിപാലനം അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കായകല്പ്.  

ജില്ലയിലെ കുട്ടി ഡോക്ടര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള കുട്ടി ഡോക്ടര്‍ കിറ്റ് വിതരണവും നടന്നു.ആര്‍.കെ.എസ്.കെ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പരിശീലനം ലഭിച്ച 439 കുട്ടി ഡോക്ടര്‍മാരില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച 10 പേര്‍ക്കുള്ള കിറ്റ് വിതരണമാണ് നടന്നത്. 

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ് വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണം നടത്തി. എം.എല്‍.എമാരായ കാനത്തില്‍ ജമീല, പി.ടി.എറഹീം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍, തദ്ദേശസ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ നവീന്‍ സ്വാഗതവും എന്‍ കെ കെ പി  ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സി.കെ ഷാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris