ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പടെ ആരോഗ്യ മേഖലയിലെ വിവിധ നൂതന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും


കോഴിക്കോട് : ജില്ലയില്‍ ആരോഗ്യ മേഖലയിലെ വിവിധ നൂതന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. രാവിലെ 9.30 ന് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രം, കാക്കൂര്‍, കുരുവട്ടൂര്‍, തുറയൂര്‍, ചൂലൂര്‍, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ച് മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.




 നിലവില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി പ്രവര്‍ത്തിച്ചു വരുന്ന ഈ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ വൈകുന്നേരം 6 മണി വരെ ഒ.പി. സൗകര്യം ഉണ്ടായിരിക്കും. ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, പകര്‍ച്ച - പകര്‍ച്ചേതര വ്യാധി ക്ലിനിക്കുകള്‍, പ്രീ ചെക് അപ്പ്, രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പു മുറികള്‍, നിരീക്ഷണ മുറികള്‍, മുലയൂട്ടല്‍ മുറികള്‍, വാക്‌സിനേഷന്‍ മുറികള്‍, വയോജന ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങള്‍, റാംപ് തുടങ്ങിയ രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം ചിങ്ങപുരം, കോതോട്, എരവണ്ണൂര്‍, ചീക്കിലോട്, മരുതാട്, കക്കോടിമുക്ക് എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ഉപകേന്ദ്രങ്ങളില്‍ കാത്തിരിപ്പു മുറി, വിവിധ ക്ലിനിക്കുകള്‍, ഇമ്മ്യൂണൈസേഷന്‍ മുറി, മുലയൂട്ടല്‍ മുറി, ഐയുഡി (ഗര്‍ഭനിരോധനോപാധി) മുറി, ശൗചാലയം, സ്റ്റോര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് ഹെല്‍ത്ത് ആന്റ് വെല്‍ നസ് സെന്ററുകളാക്കി മാറ്റുന്നത്.

ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീരോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ 'ജീവതാള'ത്തെ കുറിച്ചുള്ള സെമിനാര്‍ ഉച്ചക്ക് ശേഷം 2 മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ വച്ച് നടക്കും. ശേഷം ജീവതാളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 3 മണിക്ക് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയില്‍ വാര്‍ഡ് തലത്തില്‍ നൂറ് വീടുകളടങ്ങുന്ന ക്ലസ്റ്ററുകളുണ്ടാക്കി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും വിധം ആരോഗ്യ ശീലമാറ്റ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 18 വയസിന് മുകളിലുള്ള എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കുകയും പ്രമേഹം, രക്താതിമര്‍ദ്ദം, പൊണ്ണത്തടി, സ്തനാര്‍ബുദം, വദനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവ സ്‌ക്രീന്‍ ചെയ്യുകയും ചെയ്യും. രോഗം വരാതിരിക്കുന്നതിനും നേരത്തെ കണ്ടെത്തി ജീവിത ശൈലീമാറ്റത്തിലൂടെ നിയന്ത്രിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചികിത്സ ആവശ്യമായ സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കും. ജനപങ്കാളിത്തത്തോടെ ജീവിത ശൈലീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന രോഗ ഭാരം ഇല്ലാതാക്കുകയാണ് ജീവതാളത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള സാമൂഹ്യ സാഹചര്യങ്ങളും ഇടങ്ങളും സൗകര്യങ്ങളും സൃഷ്ടിച്ചെടുക്കാനും ജീവതാളം ലക്ഷ്യമിടുന്നു. ഇതിനായി നടത്തം, കൃഷി, നീന്തല്‍, സൈക്കിള്‍ സവാരി, പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ കൂട്ടായ്മകളുണ്ടാക്കി ആരോഗ്യ പൂര്‍ണ്ണമായ ഗ്രാമമെന്ന ലക്ഷ്യം പ്രചരിപ്പിക്കും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലായി ഇതിനായി വിദഗ്ധ പരിശീലനങ്ങള്‍ നല്‍കും.




ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനം, ജില്ലയില്‍ നടന്ന ആരോഗ്യ മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള സമ്മാന വിതരണം, എന്‍ക്യുഎസ്, കായ കല്‍പ് അവാര്‍ഡ് വിതരണം, കുട്ടി ഡോക്ടര്‍ കിറ്റ് വിതരണം, ആര്‍.പി.എച്ച് ലാബ് ശിലാസ്ഥാപനം എന്നിവയും പരിപാടിയോടനുബന്ധിച്ച് നടക്കും.

ചടങ്ങുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.പിമാരായ എം.കെ രാഘവന്‍, കെ മുരളീധരന്‍, എളമരം കരീം, പി.ടി ഉഷ, എം.എല്‍.എ മാര്‍ തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post
Paris
Paris