നാടിനുത്സവമായി ഫറോക്ക് പഴയപാലം ഉദ്ഘാടനം


കോഴിക്കോട് : പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലം ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നപ്പോൾ നാടാകെ ആഘോഷത്തിമിർപ്പിലായി.വാദ്യമേളങ്ങളും ശിങ്കാരി മേളവും ഒപ്പം വൻ ജനാവലിയും ആഘോഷത്തിൽ പങ്കു ചേരാനെത്തി. മുതിർന്നവരും കുട്ടികളും ഹർഷാരവത്തോടെ ബലൂണുകളുമായി പാലത്തിലൂടെ നടന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ദീപാലംകൃതമാക്കിയ ഫറോക്ക് പാലം വെള്ളി നിറത്തിൽ കൂടുതൽ തിളങ്ങി.ഉദ്ഘാടനത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ കൂടി ഒത്തുചേർന്നപ്പോൾ ഫറോക്കാകെ ഉത്സവലഹരിയിലായി. 




ഒന്നാംഘട്ട നവീകരണം പൂർത്തിയാക്കിയ ഫറോക്ക് പഴയ പാലം ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഫറോക്ക് പഴയ പാലത്തിന് ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഒട്ടേറെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലം സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണ പേറുന്ന ഫറോക്ക് പഴയ പാലം നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത്തോടെ പഴയ പ്രതാപവും പ്രൗഡിയും വീണ്ടെടുക്കും. മതസൗഹാർദ്ദത്തിന്റെ, ജനാധിപത്യബോധത്തിന്റെ, സാമ്രാജ്യത്വ വിരുദ്ധതയുടെ, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെയെല്ലാം പ്രതീകം കൂടിയാണ് ഫറോക്ക് പഴയ ഇരുമ്പ് പാലം. നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിൽ പാലത്തിൽ സ്ഥിരമായി വെളിച്ചമുണ്ടാകാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും ചാലിയാറിന് കുറുകെയുള്ള ഈ പാലം സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

മുകളിലെ കമാനങ്ങൾ തകർന്ന് അപകടാവസ്ഥയിലായ പാലം 90 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയത്. പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ കവാടത്തിൽ 3.60 മീറ്റർ ഉയരത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങളുടെ പ്രവേശനം തടയുന്നതിന് പുതിയ സുരക്ഷാകമാനം സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ചു പൂർണമായും തകർന്ന പാലത്തിന്റെ ഒമ്പത് ഇരുമ്പ് കമാനങ്ങൾ പൂർണമായും പുതുക്കിപ്പണിതിട്ടുണ്ട്. പാലത്തിന്റെ തുരുമ്പെടുത്ത മറ്റു ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തുകയും പാലത്തിലെ തുരുമ്പുകൾ പൂർണമായും നീക്കുകയും ചെയ്തു. പാലത്തിന് വെള്ളി നിറത്തിലുള്ള പെയിന്റടിക്കുകയും പാലത്തിന് സമീപം റോഡിനിരുവശവും പൂട്ടുകട്ട പാകി നടപ്പാത സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സിനിമാ താരം കലാഭവൻ ഷാജോൺ വിശിഷ്ടാതിഥിയായിരുന്നു. നാടിന്റെ ആഘോഷത്തിൽ പങ്കുചേരാനെത്തിയ താരം  ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ എന്ന നാടൻ പാട്ട് ആലപിച്ചപ്പോൾ ജനം ഒന്നടങ്കം ഹർഷാരവം മുഴക്കി. 

ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സി രാജൻ, ഫറോക്ക് മുൻസിപ്പാലിറ്റി കൗൺസിലർ കെ ടി എ മജീദ്, ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ  പ്രതിനിധി എം ഗിരീഷ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris