കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചുമാറ്റില്ല; ബലപ്പെടുത്തിയാല്‍ മതിയാകുമെന്ന് ഐഐടി റിപ്പോര്‍ട്ട്


കോഴിക്കോട്: നിര്‍മാണത്തിലെ അപാകതയുടെ പേരില്‍ വിവാദത്തിലായ കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധര്‍ കെഎസ്‌ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.




 നിര്‍മാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ. എന്നാല്‍ നിലവിലെ ടെര്‍മിനല്‍ ബലപ്പെടുത്താന്‍ 25 ശതമാനത്തില്‍ താഴെയേ ചെലവ് വരൂ. പൈലിംഗില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭിക്കും. അപാകത കണ്ടെത്തിയാലും കെട്ടിടം പൊളിക്കാതെ ബലപ്പെടുത്താനാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറ്റകുറ്റപ്പണിയുമായി മുന്നോട്ട് പോകും. ഏത് രീതിയില്‍ അറ്റകുറ്റപ്പണി നടത്തണം എന്നതില്‍ ഐഐടി വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതിന്റെ ചെലവ് കെടിഡിഎഫ്സി (KTDFC) വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു. ബസ് സര്‍വീസിന് മുടക്കം സംഭവിക്കാത്ത തരത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാര്‍ കമ്ബനിയുടെ വീഴ്ചയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കമ്ബനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെടിഡിഎഫ്‍സി 70 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാണിജ്യ സമുച്ചയം അപകടാവസ്ഥയിലെന്നും ഉടനടി ബലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ച്‌ മദ്രാസ് ഐഐടി നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്ക് ഈ നിലപാട് അല്ലായിരുന്നു. ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടത്തിന്‍റെ അടിസ്ഥാന ഘടനയില്‍ ഊന്നി മാത്രമാണ് ഐഐടി പഠനം നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ സമിതിയുടെ വിശദീകരണം. മദ്രാസ് ഐഐടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി അളഗസുന്ദര മൂര്‍ത്തിയുടെ നേതൃത്വത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്

Post a Comment

Previous Post Next Post
Paris
Paris